വ്യോമാക്രമണം: യുക്രെയിനിൽ 8 മരണം

Saturday 20 April 2024 7:24 AM IST

കീവ്: യുക്രെയിനിലെ കിഴക്കൻ മേഖലയായ നിപ്രോപെട്രോവ്‌സ്‌കിലുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. 12 പേർക്ക് പരിക്കേറ്റു. ഇതിനിടെ, റഷ്യയുടെ ഒരു ബോംബർ വിമാനത്തെ യുക്രെയിൻ സേന വെടിവച്ചിട്ടു. ഇതാദ്യമായാണ് റഷ്യയുടെ ദീർഘ ദൂര ബോംബറായ ടിയു - 22 എം 3യെ യുക്രെയിൻ വെടിവച്ചിടുന്നത്. വിമാനം റഷ്യയിലെ തെക്കൻ സ്റ്റാവ്രോപോൾ മേഖലയിലാണ് പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരഷൂട്ടിന്റെ സഹായത്തോടെ പുറത്തേക്ക് ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഒരാൾ മരിച്ചു. അതേ സമയം, വിമാനം സാങ്കേതിക തകരാറുകൾ മൂലം തകർന്നെന്നാണ് റഷ്യ പറയുന്നത്. 14 ഇറാൻ നിർമ്മിത ഡ്രോണുകളും 22 മിസൈലുകളും റഷ്യ കഴിഞ്ഞ ദിവസം രാജ്യത്തിന് നേരെ വിക്ഷേപിച്ചതായി യുക്രെയിൻ പറയുന്നു. മുഴുവൻ ഡ്രോണുകളെയും 15 മിസൈലുകളെയും യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു.

Advertisement
Advertisement