'അനുകൂല തരംഗ‌'മില്ലാതെ കോട്ടയം, പോളിംഗിൽ ഉറ്റുനോക്കി മുന്നണികൾ

Saturday 20 April 2024 6:59 PM IST

കോട്ടയം : വോട്ടെടുപ്പിന് അഞ്ചുദിവസം മാത്രം ശേഷിക്കുമ്പോഴും ഒരു മുന്നണിയ്ക്കും അനുകൂലമായ തരംഗമില്ലാതെ കോട്ടയം. സി.പി.എം ,കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികളില്ല. പകരം മൂന്നു മുന്നണി ഘടകകക്ഷി സ്ഥാനാർത്ഥികളാണുള്ളത്. പ്രചാരണം കൂട്ടപ്പൊരിച്ചിലിൽ എത്തേണ്ട സമയമായിട്ടും വോട്ടർമാർ പൊതുവേ നിസംഗതയിലാണ്. ഇത് പോളിംഗ് ശതമാനത്തെ ബാധിക്കുമോയെന്നാണ് ആശങ്ക.

രാഹുൽഗാന്ധി ,ജെ.പി.നദ്ദ അടക്കം ദേശീയ - സംസ്ഥാന നേതാക്കളുടെ പട തന്നെ പ്രചാരണം കൊഴുപ്പിക്കാൻ എത്തിയെങ്കിലും പതിവ് ആൾക്കൂട്ടം ദൃശ്യമായില്ല. സ്ഥാനാർത്ഥികളുടെ സ്വീകരണ യോഗങ്ങളിലും ആവേശക്കുറവ് അനുഭവപ്പെടുന്നുവെന്നാണ് നേതാക്കൾ പറയുന്നത്. കനത്ത ചൂടിനെ പഴി പറയുമ്പോഴും സി.പി.എം ,കോൺഗ്രസ്, ബി.ജെ.പി അണികൾ ഘടകകക്ഷി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ സജീവമല്ല. സാമ്പത്തിക പ്രതിസന്ധി കാരണം വാർഡ്, ബൂത്തുതല പ്രവർത്തനം വഴിപാടായി. വീടുകയറിയുള്ള പ്രവർത്തനവും കുറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും, എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും തുടക്കം മുതൽ പ്രചാരണത്തിൽ സജീവമാണ്. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി കുടംബയോഗങ്ങൾ സജീവമാക്കി അവസാന റൗണ്ടിൽ പ്രചാരണത്തിൽ മുന്നിലെത്തി. ശക്തമായ ത്രികോണമത്സര പ്രതീതി സൃഷ്ടിക്കാനുമായി.

രാഹുൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തിയില്ലെന്ന്

രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്തിയെങ്കിലും ഫ്രാൻസിസ് ജോർജിനെ സ്ഥാനാർത്ഥിയെന്ന നിലയിൽ പരിചയപ്പെടുത്താതിരുന്നതോടെ ഇന്ത്യാമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടനാണെന്ന് വരുത്തി തീർക്കാനുള്ള പ്രചാരണം ജോസ് വിഭാഗം നടത്തി. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും , മോൻസ് ജോസഫും പത്രസമ്മേളനം നടത്തി ഇന്ത്യാമുന്നണി സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജെന്ന് വിശദീകരിക്കേണ്ടി വന്നു.

Advertisement
Advertisement