യുവതലമുറ ഉഷാറാകുമ്പോൾ

Sunday 21 April 2024 12:40 AM IST

തിരഞ്ഞെടുപ്പുകളെ ജനാധിപത്യത്തിന്റെ ഉത്സവമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ആ ഉത്സവത്തിൽ പങ്കാളികളാകാൻ നമ്മുടെ യുവതലമുറ എത്രമാത്രം കടന്നുവരുന്നു എന്ന ചോദ്യം കഴിഞ്ഞ കുറേ കാലമായി ഉയർന്നു വന്നിരുന്നു. ആ ചിന്തയെ മാറ്റിമറിക്കും വിധം ഇക്കുറി നവാഗത വോട്ടർമാരുടെ എണ്ണത്തിൽ കേരളത്തിൽ ഗണ്യമായ വർദ്ധന ഉണ്ടായിയെന്നത് ആഹ്ളാദകരമായ കാര്യമാണ്. ഈ വർഷം ജനുവരി വരെ വോട്ടർ പട്ടികയിൽ പേരുചേർത്ത നവാഗതർ 288533 ആയിരുന്നെങ്കിൽ തുടർന്നുള്ള മൂന്നു മാസംകൊണ്ട് 534394 ആയി വർദ്ധിച്ചിരിക്കുകയാണ്.

പുതിയ തലമുറയിലെ 70 ശതമാനം പേരും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തിട്ടില്ലെന്ന് കണക്കുകൾ നിരത്തി ഇക്കഴിഞ്ഞ ജനുവരി 30ന് ഞങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതേത്തുടർന്ന് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കി തിരഞ്ഞെ‌ടുപ്പ് കമ്മിഷൻ ബോധവത്‌കരണം നടത്തുകയും യുവജന സംഘടനകൾ ചെറുപ്പക്കാരെ നേരിട്ടു കണ്ടു പ്രേരിപ്പിക്കുകയും ചെയ്തു. അതിലൂടെ 245861 പേരെയാണ് അധികമായി ചേർക്കാൻ കഴിഞ്ഞത്. യുവതലമുറയെ സംബന്ധിച്ചിടത്തോളം അവരെ ആകർഷിക്കുന്ന എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടാകണം. ഏത് കാര്യത്തിലും അവർ ഇറങ്ങിത്തിരിക്കാൻ അതൊരു അടിസ്ഥാന കാര്യമാണ്. അഴിമതിയും, സ്വജനപക്ഷപാതവുമൊക്കെ ഭരണത്തിൽ വ്യാപകമാകുമ്പോൾ രാഷ്ട്രീയവും തിരഞ്ഞെടുപ്പുമൊക്കെ അവർക്കു വിരസമായി മാറും. എന്നാൽ രാജ്യത്തിന്റെ പുരോഗതിയും കരുത്തുമൊക്കെ പ്രധാന വിഷയങ്ങൾ ആകുമ്പോൾ സ്വാഭാവികമായും അവർ വോട്ടുചെയ്യാൻ തയ്യാറാവുകയും ചെയ്യും. കഴിഞ്ഞ രണ്ട് ദേശീയ തിരഞ്ഞെടുപ്പുകളിലെ വിജയത്തെ സ്വാധീനിക്കുന്നതിൽ യുവരക്‌തം നിർണായകമായിരുന്നു. പ്രളയമുണ്ടായപ്പോൾ സേവന സന്നദ്ധതയോടെ ഇറങ്ങിയ യുവതലമുറ ഏവരുടെയും പ്രശംസ നേടിയിരുന്നു.

കേരളത്തിൽ നിലവിലുള്ള നവാഗത വോട്ടുകളുടെ 50 ശതമാനം കൂടി ചേർക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും അത് 85 ശതമാനം കടന്നു. കോട്ടയം, വയനാട് ജില്ലകളിൽ ഇരട്ടിയിലേറെ വോട്ടർമാർ ചേർന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് എം. കൗൾ ജില്ലാ ഓഫീസർമാരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ കർമ്മപദ്ധതി വിജയം കാണുകയായിരുന്നു. ഇരട്ട വോട്ടുകളും പിഴവുകളും ഒഴിവാക്കിയാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയത്. വോട്ടർമാരെ ചേർക്കാനായി നടത്തിയ ബോധവത്‌കരണ പരിപാടിയിൽ ചലച്ചിത്രതാരം ടൊവിനോ തോമസും ഗായിക നഞ്ചമ്മയും പങ്കെടുത്തിരുന്നു. ഫയർ സെക്കൻഡറി സ്‌കൂളുകളിലേയും കോളേജുകളിലേയും ഇലക്‌ടറൽ ലിറ്ററൽ ക്ളബ് മുഖേന കന്നിവോട്ടർമാരെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചു. ഓൺലൈനിലൂടെ പേര് ചേർക്കാൻ അവസരമുണ്ടായതാണ് മുഖ്യ ആകർഷണം. ഓഫീസിൽ പോയി കാത്തുകെട്ടിക്കിടന്ന് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആരും മെനക്കെടുമെന്ന് തോന്നുന്നില്ല.

തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാൻ കമ്മിഷൻ ശ്രമങ്ങൾ നടത്തുമ്പോൾ കള്ളവോട്ട് ചെയ്‌തു അട്ടിമറി പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കങ്ങളും ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് ലോക് സഭാ മണ്ഡലത്തിൽ വീട്ടിലെ വോട്ടിനിടെ കള്ളവോട്ട് ചെയ്ത സംഭവം ഇതിനൊരു ഉദാഹരണമാണ്. സംഭവത്തിൽ ഒരു സി.പി.എം പ്രവർത്തകനും വൃദ്ധയെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരും കുടുങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമായ തെളിവായി മാറുകയായിരുന്നു.ആധുനിക സാങ്കേതിക വിദ്യ വ്യാപകമായതുംഎല്ലാടിടത്തും കാമറയുള്ളതുമൊന്നും മനസിലാക്കാതെയാകും ഈ കള്ളത്തരത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്.തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കാനുള്ള ഇത്തരം നീക്കങ്ങളെ മുളയിൽത്തന്നെ നുള്ളിക്കളയണം.

Advertisement
Advertisement