ആരിഫിന്റെ പ്രചാരണത്തിന് മന്ത്രി പ്രസാദിന്റെ അനൗൺസ്മെന്റ്
ചേർത്തല: ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗൺസറായി മന്ത്റി പി.പ്രസാദ്. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ നിന്നുമായിരുന്നു കഴിഞ്ഞ ദിവസം രാവിലെ ആരിഫിന്റെ റോഡ് ഷോ തുടങ്ങിയത്. പര്യടനം ദേശീയപാതയിൽ 11ാം മൈലിൽ എത്തിയതോടെ മന്ത്റി അനൗൺസ്മെന്റ് വാഹനത്തിൽ കയറി മൈക്ക് വാങ്ങി. ആലപ്പുഴയുടെ വികസന നായകൻ കടന്നു വരുന്നു, ജനനായകൻ കടന്നു വരുന്നു..ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഈ രാജ വീഥിയിലൂടെ കടന്നു വരുന്നു... ഇങ്ങനെയായി അനൗൺസ്മെന്റ്. സ്കൂൾ പഠന കാലം മുതൽ അനൗൺസ്മെന്റ് നടത്താറുള്ള മന്ത്റിക്ക് ഇതൊരു പുതിയ കാര്യമല്ല. വഴിയോരങ്ങളിൽ കാത്തുനിന്നവർക്കും പ്രവർത്തകരും പരിചിതമായ ശബ്ദം പെട്ടെന്ന് തിരിച്ചറിയനായി. ആരിഫിന്റെ ചിത്രങ്ങളാൽ അലങ്കരിച്ച വാഹനത്തിൽ സഞ്ചരിച്ചുള്ള മന്ത്റിയുടെ വാചാലമായ അറിയിപ്പ് കാഴ്ചക്കാർക്കും പ്രവർത്തകർക്കും ആവേശമായി. കഞ്ഞിക്കുഴി, ചേർത്തല സൗത്ത്,വഴി അർത്തുങ്കൽ വരെ ഇടമുറിയാതെ അനൗൺസ്മെന്റ് തുടരുകയും ചെയ്തു.