ഡ്രൈവർ തസ്തിക റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ

Sunday 21 April 2024 12:00 AM IST

കൊച്ചി: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സർവകലാശാലകൾ. 136 ഒഴിവുകൾ ഉണ്ടെങ്കിലും 39 എണ്ണം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് വിവരാവകാശരേഖയിൽ പറയുന്നു. പിൻവാതിൽ വഴിയും തസ്തികമാറ്റം മുഖേനയും തിരുകിക്കയറ്റിയ ജീവനക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് പിന്നിലെന്ന് ആരോപണമുണ്ട്. റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിൽ സർക്കാർ വിശദീകരണം തേടിയെങ്കിലും നിശ്ചിത അനുപാതം ആഭ്യന്തര നിയമനത്തിന് ചട്ടമുണ്ടെന്നായിരുന്നു സർവകലാശാലകളുടെ പ്രതികരണം. സർക്കാരിൽ നിന്ന് തുടർനടപടിയൊന്നും ഉണ്ടായതുമില്ല.

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) തസ്തികയിലേക്ക് 7000 പേരാണ് പരീക്ഷ എഴുതിയത്. ഫെബ്രുവരിയിൽ പി.എസ്.സി 900 പേരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്ത 39 പോസ്റ്റുകളിൽ ഈ മാസം അഡ്വൈസ് മെമ്മോ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്തംബർ വരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിലാണ് നിയമനം. ആറുമാസത്തിലേറെയായി ഒഴിവുകൾ അറിയിക്കുന്നില്ല.

ഇതിനിടയിൽ കാർഷിക സർവകലാശാലയിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടായെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. രതീഷ് ആരോപിച്ചു. ഇതിനെതിരായ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisement
Advertisement