കുളനട പോളച്ചിറ ടൂറിസം പദ്ധതി, സഞ്ചാരികൾ വരുമോ ?

Sunday 21 April 2024 12:18 AM IST

പന്തളം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച കുളനട പോളച്ചിറ വിനോദ സഞ്ചാര പദ്ധതി അനിശ്ചിതത്വത്തിൽ.

കുളനട ഗ്രാമപഞ്ചായത്തും ടൂറിസം പ്രമോഷൻ കൗൺസിലുമായുള്ള കരാറിൽ യോജിപ്പിൽ എത്താത്തതാണ് തടസമാകുന്നത്. പദ്ധതി നടപ്പാക്കിക്കഴിഞ്ഞാൽ ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം പഞ്ചായത്തിന് നൽകാമെന്നായിരുന്നു ടൂറിസം പ്രൊമോഷൻ കൗൺസിൽ അറിയിച്ചിരുന്നത്. എന്നാൽ പോളച്ചിറയുടെ ഉടമസ്ഥാവകാശമുള്ള കുളനട പഞ്ചായത്ത് ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ ഒരു വർഷത്തോളമായി പദ്ധതി നടത്തിപ്പിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. 30 കോടിയുടെ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാനായിരുന്നു ഡി.ടി.പി.സി.യുടെ തീരുമാനം.

ആദ്യ തടസം വസ്തുത്തർക്കം

പഞ്ചായത്തും റവന്യൂവകുപ്പും തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കമായിരുന്നു ആദ്യ തടസം. തർക്കങ്ങൾ അവസാനിപ്പിച്ച് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിലനിറുത്തി ഡി.ടി.പി.സിക്ക് പാട്ടത്തിന് നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. തുടർന്ന് തഹസിൽദാർ 12,80,106 രൂപ വാർഷിക പാട്ടത്തുകയായി നിശ്ചയിക്കുകയും തുടർന്നുവരുന്ന മൂന്നുവർഷത്തേക്കും 10 ശതമാനം വർദ്ധിപ്പിച്ച് പാട്ടതുക പുതുക്കി നിശ്ചയിക്കാനും തീരുമാനമായി. ഇത്രയും വലിയ പാട്ടത്തുക, ഗ്രാമപ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് നൽകി മുന്നോട്ടുകൊണ്ടുപോകാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഡി.ടി.പി.സി.യുടെ വാദം. തുടർന്ന് പദ്ധതിക്കായി കണ്ടെത്തിയ പോളച്ചിറയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിലനിറുത്തി പദ്ധതി പൂർത്തിയായശേഷം ലാഭവിഹിതം തുല്യമായി പഞ്ചായത്തിനും ഡി.ടി.പി.സിക്കും ലഭിക്കുന്ന വിധത്തിൽ കരാർ ഒരുക്കുകയായിരുന്നു. എന്നാൽ കുളനട പഞ്ചായത്ത് ഇതിന് മറുപടി നൽകാൻ തയ്യാറായില്ല.

പദ്ധതി പ്രദേശം : 35 ഏക്കർ,

പദ്ധതി ചെലവ് : 30 കോടി

ധാരണയിൽ എത്താതെ കുളനട പഞ്ചായത്തും ഡി.ടി.പി.സിയും

വലിയ ടൂറിസം പദ്ധതി

30 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് ആദ്യഗഡു കൈമാറിയ പദ്ധതി ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിൽ ഒന്നാണ്. പദ്ധതിക്ക് സ്ഥലം വിട്ടുനിൽക്കുന്നതിനും ഉപയോഗഅനുമതിയായി നൽകുന്നതിനും മുൻ പഞ്ചായത്ത് ഭരണസമിതിയും നിലവിലെ ഭരണസമിതിയും കമ്മിറ്റി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. പഞ്ചായത്തിനും വരുമാനം ലഭിക്കുന്ന വിധത്തിൽ ഡി.ടി.പി.സിയുമായി കരാർ വയ്ക്കണമെന്നുള്ള തദ്ദേശവകുപ്പിന്റെ നിർദ്ദേശം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചാൽ പദ്ധതി യാഥാർത്ഥ്യമാകും.

സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നിലനിറുത്തി പാട്ടത്തിന് നൽകാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ അത് അംഗീകരിക്കുവാൻ ഡി.ടി.പി.സി തയ്യാറായില്ല. ലാഭവിഹിതം പഞ്ചായത്തിന് നൽകാമെന്നാണ് ഡി.ടി.പി.സി പറയുന്നത് .ഇതിനോട് യോജിക്കാൻ കഴിയില്ല.

ചിത്തിര സി.ചന്ദ്രൻ

(കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )

Advertisement
Advertisement