മലങ്കാറ്റ് വീശുന്നത് ആർക്കുവേണ്ടി?​

Tuesday 23 April 2024 12:57 AM IST

ചെന്തമിഴ് സംസ്‌കാരം അതിരിടുന്ന അഞ്ചുനാട് മുതൽ കൊച്ചിയുടെ ഉപനഗരമായി വളരുന്ന പട്ടണങ്ങൾ വരെയുള്ള വൈവിദ്ധ്യങ്ങൾ നിറഞ്ഞ ഇടുക്കി, സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമാണ്. നാണ്യവിളകളെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന മലയോര കർഷകരുടെ ജീവിതമണ്ഡലം. വർദ്ധിക്കുന്ന വന്യമൃഗ ശല്യവും, നിർമ്മാണ നിരോധനം അടക്കം അവസാനിക്കാത്ത ഭൂപ്രശ്‌നങ്ങളും ഇരുതലമൂർച്ചയുള്ള വാൾ പോലെ കർഷകരെ കടന്നാക്രമിക്കുകയാണ്. ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതുകൊണ്ട് നിയമമായിട്ടില്ല. നിർമ്മാണ നിരോധനവും ഭൂപതിവ് ഭേദഗതി നിയമവും പട്ടയപ്രശ്‌നങ്ങളും വന്യമൃഗശല്യവും തന്നെയാണ് ഇടുക്കിയിൽ സജീവ ചർച്ചാവിഷയം.

കാറ്റ് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്നു മുന്നണികളും ഒരുപോലെ അവകാശപ്പെടുമ്പോഴും, ആർക്കും മുൻതൂക്കം പ്രവചിക്കാനാവാത്തവിധം ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇത്തവണ. മുൻ എം.പി ജോയ്സ് ജോർജ്ജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് ഇടതു മുന്നണി വളരെ നേരത്തെ പ്രചരണം ആരംഭിച്ചിരുന്നു. പ്രഖ്യാപനത്തിനു മുമ്പേ സ്ഥാനാർത്ഥിത്വമുറപ്പിച്ച സിറ്റിംഗ് എം.പി ഡീൻ കുര്യാക്കോസ് തുടക്കംമുതൽ താഴേക്കിടയിൽ പ്രവർത്തിച്ച്,​ മണ്ഡലം നിലനിറുത്തുമെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. പ്രഖ്യാപനം വൈകിയെങ്കിലും സംഗീതാ വിശ്വനാഥൻ മത്സരത്തിനെത്തിയതോടെ എൻ.ഡി.എ പ്രചാരണത്തിൽ ഇരുമുന്നണികൾക്കുമൊപ്പം അതിവേഗമെത്തുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ജോയ്സും ഡീനും തുടർച്ചയായ മൂന്നാം വട്ടം ഏറ്റുമുട്ടുന്നതിനാൽ വാശിക്ക് ഒട്ടും കുറവില്ല.

രണ്ടാമൂഴം

ഉണ്ടാകുമോ?​

മൂന്നാംവട്ടവും ജോയ്സുമായി ഏറ്റുമുട്ടുമ്പോൾ കഴിഞ്ഞ തവണ നേടിയ 1,71,053 വോട്ടുകളുടെ റെക്കാഡ് ഭൂരിപക്ഷം തന്നെയാണ് ഡീനിന്റെയും യു.ഡി.എഫിന്റെയും പ്രധാന ആത്മവിശ്വാസം. പൊതുവെ യു.ഡി.എഫിന് മേൽക്കൈയുള്ള മണ്ഡലമാണ് ഇടുക്കി. മണ്ഡലം രൂപീകൃതമായതിനു ശേഷം ഇതുവരെ നാലു വട്ടം മാത്രമാണ് ഇടതുപക്ഷം വിജയിച്ചിട്ടുള്ളത്. തുടർച്ചയായ രണ്ടു പ്രളയങ്ങളിൽ തകർന്ന മണ്ഡലത്തിലെ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും, കൊവിഡ് കാലത്ത് എം.പി ഫണ്ട് വിനിയോഗിച്ച് ആരോഗ്യരംഗത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും ഡീനിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

നിർമ്മാണ നിരോധനം അടക്കമുള്ള ഭൂവിഷയങ്ങളും തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങളും ക്ഷേമപെൻഷൻ മുടങ്ങിയതും സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ഇടുക്കിയിൽ സൃഷ്ടിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിലും യു.ഡി.എഫിലും പടലപ്പിണക്കങ്ങളില്ലെന്നതും ഗുണകരമാണ്. കേന്ദ്രത്തിൽ ബി.ജെ.പി മാറി കോൺഗ്രസ് വരണമെന്ന പൊതുഅഭിപ്രായം ന്യൂനപക്ഷങ്ങൾക്കിടയിലുണ്ടെന്നത് അനുകൂലഘടകമാണ്. പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നതിലും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിലും തണുപ്പൻ ശൈലിയാണ് ഡീനിന്റേത് എന്ന വിമർശനമുണ്ട്. പ്രചാരണത്തിന് ആവശ്യത്തിന് ഫണ്ടില്ലെന്ന പ്രതിസന്ധിയും യു.ഡി.എഫ് ക്യാമ്പിനെ വലയ്ക്കുന്നുണ്ട്.

തിരികെ ഞാൻ

വരുമെന്ന....

2014-ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള ഇടതു സ്ഥാനാർത്ഥിയായി വിജയിച്ച ജോയ്സ് ഇടുക്കിക്ക് സുപരിചിതനാണ്. എം.പിയായിരിക്കെ വനംവകുപ്പിനെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടും വാക്ചാതുര്യവും ജോയ്സിന്റെ പ്ലസ് പോയിന്റാണ്. 2019-ൽ ഡീൻ കുര്യാക്കോസിനോട് വൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും,​ അന്നത്തെ സാഹചര്യങ്ങളല്ല ഇന്നുള്ളത്. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. കേരള കോൺഗ്രസിന് (എം) 25000- 30000 വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് ഇടതു കണക്കുക്കൂട്ടൽ. ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെപ്പോലെ മാണി വിഭാഗത്തിന്റെ വോട്ട് പരമാവധി പെട്ടിയിലായാൽ വിജയം സുനിശ്ചിതമാണെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. ഗവർണർ‌ ഒപ്പിട്ടില്ലെങ്കിലും നിർമ്മാണ നിരോധനം മറികടക്കാൻ ഭൂപതിവ് നിയമം പാസാക്കിയത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും. നേരത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിനാൽ പ്രചാരണത്തിൽ ജോയ്സിന് ബഹുദൂരം മുന്നോട്ടുപോകാനായിട്ടുമുണ്ട് . ഭൂപ്രശ്നങ്ങളിലും കാട്ടാന ആക്രമണങ്ങളിൽ രണ്ടു മാസത്തിനിടെ അഞ്ചു പേർ മരിച്ചിട്ടും വേണ്ടത്ര പ്രതിരോധ നടപടികൾ സ്വീകരിക്കാത്തതിലും സർക്കാർ വിരുദ്ധ വികാരമുണ്ട് ഹൈറേഞ്ചിൽ. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി എൽ.ഡി.എഫ് സ്വതന്ത്രനായല്ല,​ പാർട്ടി സ്ഥാനാർത്ഥിയായിത്തന്നെയാണ് ഇത്തവണ ജോയ്സ് മത്സരിക്കുന്നത്. 2014ൽ ജോയ്സിന്റെ വിജയത്തിൽ നിർണായകമായ ഹൈറേഞ്ച് സംരക്ഷണ സമിതി നിർജീവമായത് പ്രതികൂലഘടകമാണ്.

മലമുകളിലെ

പ്രതീക്ഷ

ഇടതു- വലത് മുന്നണികൾക്കെതിരെ ഒരുപോലെ പ്രചാരണം അഴിച്ചുവിട്ടാണ് എൻ.ഡി.എയുടെ മുന്നേറ്റം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ബി.ഡി.ജെ.എസിന്റെ സംഗീതാ വിശ്വനാഥൻ കളത്തിലിറങ്ങിയിരിക്കുന്നത്. സ്ഥാനാർത്ഥി സ്ത്രീയാണെന്നത് പ്ലസ് പോയിന്റാണ്. മോദി ഗ്യാരണ്ടിയാണ് മുഖ്യ പ്രചാരണായുധം. കേന്ദ്രാവിഷ്കൃത പദ്ധതികളും മോദിയുടെ വ്യക്തിപ്രഭാവവും ഉയർ‌ത്തിക്കാട്ടിയാണ് പ്രചാരണം. ഹൈറേഞ്ച് മേഖലയിൽ ഈഴവ- പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുണ്ട്.

അതോടൊപ്പം കേരളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലം കൂടിയാണ് ഇടുക്കി. അതിനാൽ കത്തോലിക്കാ സഭയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും രാഷ്ട്രീയ തീരുമാനം നിർണായകമാണ്. ഇടുക്കി രൂപതയ്ക്കു കീഴിലുള്ള പള്ളികളിൽ വിവാദ സിനിമയായ 'കേരള സ്റ്റോറി" പ്രദർശിപ്പിച്ചത് ഒരു അനുകൂല സൂചനയായാണ് എൻ.ഡി.എ കേന്ദ്രങ്ങൾ കാണുന്നത്. കഴിഞ്ഞ തവണ ശബരിമല അടക്കമുള്ള അനുകൂല ഘടകങ്ങളുണ്ടായിട്ടും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ബിജു കൃഷ്ണന് 78,648 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പിയുടേതടക്കം ഹിന്ദു വോട്ടുകൾ യു.ഡി.എഫിലേക്കു പോയതായിരുന്നു കാരണം. ഇത്തവണ അകമഴിഞ്ഞ ബി.ജെ.പി പിന്തുണ കൂടി ലഭിച്ചാൽ കറുത്ത കുതിരയാകാമെന്നാണ് സംഗീതയുടെ പ്രതീക്ഷ.

Advertisement
Advertisement