ഇടതും വലതും മമ്മൂട്ടി,​ അങ്കം അന്തിമഘട്ടത്തിലേക്ക് 

Tuesday 23 April 2024 1:53 AM IST
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ നടൻ മമ്മൂട്ടിയ സന്ദർശിച്ചപ്പോൾ

കൊച്ചി: കലാശക്കൊട്ടിലേക്കു കടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരശോഭ. മെഗാസ്റ്റാർ മമ്മൂട്ടിയെ സന്ദർശിച്ചായിരുന്നു ഇടത്-വലത് സ്ഥാനാർത്ഥികളുടെ ഇന്നലത്തെ പ്രചാരണത്തിന്റെ തുടക്കം.

രാവിലെ തന്നെ മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട ശേഷമാണ് ഹൈബി ഈഡൻ പ്രചാരണം തുടങ്ങിയത്. രമേഷ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സാദ്ധ്യതകളെ കുറിച്ചുമൊക്കെ മമ്മൂട്ടി ചോദിച്ചറിഞ്ഞു. വിജയാശംസകൾ നേർന്നാണ് മമ്മൂട്ടി ഹൈബിയെ യാത്രയാക്കിയത്.

രാവിലെ തേവര ഫെറിയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനത്തിന് നൂറുകണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയായി. തേവര, രവിപുരം മേഖലകളിൽ വൻ ജനക്കൂട്ടമാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. മുപ്പതോളം കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഉച്ചവരെയുള്ള പ്രചാരണം എറണാകുളം സൗത്തിൽ സമാപിച്ചു. ഉച്ചയ്ക്ക് ശേഷം പനമ്പിള്ളി ജംഗ്ഷനിൽ പുനഃരാരംഭിച്ച പര്യടനം പുല്ലേപ്പടി, പത്മ ജംഗ്ഷൻ, നോർത്ത് ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ കതൃക്കടവിൽ സമാപിച്ചു.


മമ്മൂട്ടിയെ കാണാനെത്തി ഷൈൻ ടീച്ചറും


പറവൂർ മണ്ഡലത്തിലെ താമരവളവിൽ ഒരുക്കിയ സ്‌നേഹക്കൂട്ടായ്മയിൽ പങ്കെടുത്ത് പര്യടനം ആരംഭിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന് ജന്മനാടായ ഗോതുരുത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

തുടർന്ന് നോർത്ത് പറവൂരിലെ ഡോൺബോസ്‌കൊ ആശുപത്രി, എസ്.എൻ.ഡി.പി യോഗം യൂണിയൻ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് ശേഷമാണ് നടൻ മമ്മൂട്ടിയെ കടവന്ത്രയിലെ വീട്ടിലെത്തി സന്ദർശിച്ചത്. ടീച്ചർക്ക് വിജയാശംസകളും പിന്തുണയും അറിയിച്ചാണ് മമ്മൂട്ടി യാത്രയാക്കിയത്.

വൈകിട്ട് കടമക്കുടി പഞ്ചായത്തിൽ സ്വീകരണം ഏറ്റുവാങ്ങി. കണ്ടനാട്, കോതാട് കാഞ്ഞിരക്കാട് ജെട്ടി, കോരാമ്പാടം, മൂലമ്പിള്ളി ഫ്രണ്ട്‌സ് ക്ലബ്ബിന് സമീപം, മൂലമ്പിള്ളി സൗത്ത്, പിഴല പള്ളി, കടമകുടി എന്നീ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണം ലഭിച്ചു.


രാജനഗരിയിൽ രാധാകൃഷ്ണൻ

തൃപ്പൂണിത്തുറയിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ പര്യടനം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജുവിനൊപ്പം അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശർമ്മ പങ്കെടുത്ത റോഡ് ഷോയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റോഡ്‌ഷോ സ്റ്റാച്യു ജംഗ്ഷനിൽ സമാപിച്ചു.

Advertisement
Advertisement