 ഇനി മൂന്നുനാൾ വോട്ട് രേഖപ്പെടുത്താം ഇങ്ങനെ

Tuesday 23 April 2024 12:20 AM IST

പാലക്കാട്: വോട്ടർ പോളിംഗ് ബൂത്തിലെത്തിയാൽ പോളിംഗ് ബൂത്തിലെ ആദ്യ പോളിംഗ് ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ വോട്ടർ പട്ടികയിലെ സമ്മതിദായകന്റെ പേരും തിരിച്ചറിയൽ കാർഡും പരിശോധിക്കും. ശേഷം രണ്ടാമത്തെ പോളിംഗ് ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും രജിസ്റ്ററിൽ(ഫോം 17എ) ഒപ്പ് രേഖപ്പെടുത്താൻ നിർദേശിക്കുകയും ചെയ്യും. തുടർന്ന് മൂന്നാമത്തെ പോളിംഗ് ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥൻ വോട്ടറുടെ സ്ലിപ് വാങ്ങുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യും. ശേഷം വോട്ടർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന് അടുത്തേക്ക്(ഇ.വി.എം) പോകാം.

ഇ.വി.എമ്മിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയുടെയോ/ നോട്ടയുടെയോ നേരെയുള്ള നീല ബട്ടൺ അമർത്തി വോട്ട് രേഖപ്പെടുത്താം. തുടർന്ന് ബട്ടൺ അമർത്തിയ സ്ഥാനാർത്ഥിയുടെ പേരിനോ ചിഹ്നത്തിനോ നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. സമ്മതിദായകൻ തിരഞ്ഞെടുത്ത സ്ഥാനാർത്ഥിയുടെ/നോട്ടയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് സ്ലിപ്പ് വിവിപാറ്റ് പ്രിന്റ് ചെയ്യുകയും വിവിപാറ്റ് മെഷീനിന്റെ സുതാര്യമായ വിൻഡോയിൽ ഏഴ് സെക്കന്റ് ദൃശ്യമാവുകയും ചെയ്യും. തുടർന്ന് കൺട്രോൾ യൂണിറ്റിൽ നിന്നുള്ള ബീപ് ശബ്ദം കേൾക്കാം. ഇത് സമ്മതിദായകൻ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു. പ്രിന്റ് ചെയ്ത സ്ലിപ് വിവിപാറ്റ് മെഷീനിൽ സുരക്ഷിതമായിരിക്കും. വിവിപാറ്റിൽ ബാലറ്റ് സ്ലിപ്പ് കാണിക്കാതെ ഇരിക്കുകയോ ഉയർന്ന ശബ്ദത്തിലുള്ള ബീപ്പ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ്.

 അംഗീകൃതരേഖ കരുതണം

പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർ ഏതെങ്കിലും അംഗീകൃതരേഖ കരുതണം. ഐ.ഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യൂണിക് ഡിസെബിലിറ്റി ഐ.ഡി കാർഡ്(യു.ഡി.ഐ.ഡി), സർവീസ് ഐഡന്റിറ്റി കാർഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, തൊഴിൽമന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, എൻ.പി.ആർ സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്,
പെൻഷൻ രേഖ, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, എം.പിക്കോ/എം.എൽ.എക്കോ/എം.എൽ.സിക്കോ നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ കൊണ്ടുപോകാം.

 എന്താണ് വിവിപാറ്റ് ?

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്ററാണ് വിവിപാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ). പ്രിന്ററും പ്രിന്റ് ചെയ്ത സ്ലിപ്പുകൾ സൂക്ഷിക്കുന്ന പെട്ടിയും സ്റ്റാറ്റസ് ഡിസ്‌പ്ലേ യൂണിറ്റുമടങ്ങുന്നതാണ് വിവിപാറ്റ്. ബാലറ്റ് യൂണിറ്റിനോട് ചേർന്നാണ് വിവിപാറ്റ് ഘടിപ്പിക്കുന്നത്. വോട്ടർ ഇ.വി.എമ്മിൽ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാൽ വിവിപാറ്റിൽ നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ഇതിൽ വോട്ട് ചെയ്യപ്പെട്ട സ്ഥാനാർത്ഥിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. പോളിംഗ് കഴിഞ്ഞ ഉടൻ തന്നെ വിവിപാറ്റുകൾ പെട്ടിയിലാക്കി സീൽ ചെയ്യുകയാണ് നിലവിലെ രീതി. വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടർമാർക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാൻ സാധിക്കുമെന്നതാണ് വിവിപാറ്റുകളുടെ ഗുണം.

 എല്ലാ ബൂത്തുകളും ഹരിതചട്ടം പാലിക്കും

തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ ഹരിതചട്ടം പാലിച്ച് പോളിംഗ് ബൂത്തുക്കൾ സജ്ജീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത വസ്തുക്കളായ ഡിസ്‌പോസബിൾ ഗ്ലാസുകൾ, പാത്രങ്ങൾ, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകൾ മുതലായവ പോളിംഗ് ബൂത്തിൽ പൂർണമായും ഒഴിവാക്കണമെന്നാണ് നിർദേശം. കുടിവെള്ള ഡിസ്‌പെൻസറുകൾ തയാറാക്കണം. വെള്ളമെടുത്ത് കുടിക്കാനും ലഘു ഭക്ഷണങ്ങൾ നൽകുന്നതിനും സ്റ്റീൽ/ കുപ്പി ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ ഒരുക്കണം. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും മാലിന്യനീക്കം ഹരിത കർമ്മസേന വഴി ഉറപ്പാക്കുകയും വേണം. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയ്നറുകളിലും സഞ്ചികളിലും വിതരണം ചെയ്യരുത്. ബൂത്തുകളിൽ ഭക്ഷണം കഴിക്കാൻ ഡിസ്‌പോസിബൾ ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കാതിരിക്കുക.

Advertisement
Advertisement