കളക്ടറുടെ കണ്ടെത്തലിനെതിരേ യു.ഡി.എഫ്; തിര.കമ്മിഷനോട് പരിശോധന ആവശ്യപ്പെടും

Monday 22 April 2024 10:27 PM IST

കണ്ണൂർ: പേരാവൂരിലെയും പയ്യന്നൂരിലെയും വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നിട്ടില്ലെന്ന കണ്ണൂർ ജില്ല കളക്ടർ അരുൺ കെ.വിജയന്റെ കണ്ടെത്തലിനെതിരെ യു.ഡി.എഫ്. രണ്ടിടത്തും പരിശോധന ആവശ്യപ്പെട്ട് യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. പയ്യാവൂരിലെ സംഭവത്തിൽ വീഡിയോ സഹിതം നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ പരാതി. പയ്യന്നൂരിൽ 92 കാരൻ മാധവൻ വെളിച്ചപ്പാടിന്റെ വോട്ട് സി പി.എം ബ്രാഞ്ച് സെക്രട്ടറി വി.വി.സുരേഷ് ചെയ്‌തെന്ന യു.ഡി.എഫിന്റെ പരാതിയ്ക്കു പിന്നാലെ തന്റെ സമ്മതത്തോടെയല്ല വോട്ടിംഗ് നടന്നതെന്ന് ചൂണ്ടിക്കാട്ടി മാധവൻ വെളിച്ചപ്പാടും കാസർകോട് ജില്ല കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

സി പി.എം നേതൃത്വത്തിൽ കള്ളവോട്ട് നടന്നതായാണ് യു.ഡി.എഫ്.ആരോപണം.മൈക്രോ ഒബ്സർവർ, പോളിംഗ് ഓഫീസർ, വോട്ടർ, സഹായി വോട്ടർ എന്നിവരുടെ മൊഴി എടുത്തതിൽ നിന്നും വീഡിയോ പരിശോധിച്ചതിൽ നിന്നും ഇക്കാര്യത്തിൽ നടപടിക്രമങ്ങളിൽ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായെന്നാണ് കളക്ടർ പറഞ്ഞത്.

അപാകതയില്ലെന്ന് കളക്ടർ

പരാതി ഉയർന്നതിനെ തുടർന്ന് പ്രാഥമിക അന്വേഷണം നടത്തിയ പേരാവൂർ അസി. റിട്ടേണിംഗ് ഓഫീസറായ ഡിവിഷണൽ ഫോറസറ്റ് ഓഫീസർ എസ്. വൈശാഖ് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ വ്യക്തമാക്കുന്നത് . പേരാവൂർ ബംഗ്ലക്കുന്നിലെ 123 നമ്പർ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ എറക്കോടൻ കല്ല്യാണിയുടെ വീട്ടിൽ 20ന് ഉച്ചയോടെയാണ് സ്‌പെഷ്യൽ പോളിംഗ് ടീം ചെന്നത്. പോളിംഗ് സ്‌റ്റേഷൻ പരിധിയിലെ പ്രധാന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യവും മുൻകൂട്ടി അറിയിച്ച് ഉറപ്പുവരുത്തിയിരുന്നു. ഈ സമയം വോട്ടറുടെ മകളും അടുത്ത ബന്ധുവും അവിടെ ഉണ്ടായിരുന്നു. വോട്ടറുടെ മകൾക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് വോട്ടറും മകളും അടുത്തബന്ധുവിനെ സഹായിയായി നിർദേശിക്കുകയാണുണ്ടായത്. പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെടുന്ന പക്ഷം യഥാർത്ഥ വോട്ടർ ആഗ്രഹിക്കുകയാണെങ്കിൽ 18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും സഹായി വോട്ടറായി പ്രവർത്തിക്കാവുന്നതാണ്.

പയ്യന്നൂരിൽ മാധവൻ വെളിച്ചപ്പാടിന്റെ വോട്ട് ചെയ്തത് സംബന്ധിച്ച പരാതിയിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇതുസംബന്ധിച്ച നിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നാണ് കളക്ടറുടെ വിശദീകരണം. 18ന് വൈകിട്ട് മൂന്നരയോടെയാണ് പോളിംഗ് ടീം ഈ വീട്ടിൽ എത്തിയത്. വോട്ടർക്ക് പ്രായാധിക്യം കാരണം സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്രകാരമാണ് ഇ വി സുരേഷ് എന്നയാളെ സഹായി വോട്ടറായി അനുവദിച്ചത്. ഇതുസംബന്ധിച്ച് ഒരു തർക്കവും ഉണ്ടായിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
Advertisement