കപ്പൽ റാഞ്ചിയിട്ട് 10 നാൾ: മോചനമില്ലാതെ മലയാളികൾ

Tuesday 23 April 2024 4:33 AM IST

കോഴിക്കോട്: ഇറാൻ റാഞ്ചിയ കപ്പലിൽ കുടുങ്ങിയ മലയാളികൾക്കായി പ്രാർത്ഥനയോടെ ബന്ധുക്കൾ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മോചനത്തിനായി ശ്രമിക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും പത്തുദിവസമായിട്ടും പ്രതീക്ഷ നൽകുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കപ്പലിലുണ്ടായിരുന്ന തൃശൂർ സ്വദേശി ആന്റസ ജോസഫ് മാത്രമാണ് നാട്ടിൽ തിരിച്ചെത്തിയത്. മറ്റ് മൂന്നുപേരുടെ കാര്യത്തിലാണ് ഭീതി ഒഴിയാത്തത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ടി.പി.ശ്യാംനാഥ്, വയനാട് കാട്ടിക്കുളം സ്വദേശിയായ പി.വി.ധനേഷ്, പാലക്കാട് കേരളശേരി വടശേരി സ്വദേശി ശിവരാമന്റെ മകൻ സുമേഷ് എന്നിവരാണ് കപ്പലിൽ കുടുങ്ങിക്കിടക്കുന്നത്.

ഇറാൻ കപ്പൽ പിടിച്ചെടുത്ത ശേഷം 15ന് രാത്രി ശ്യാംനാഥ് അമ്മയെ വിളിച്ചിരുന്നു. എല്ലാവരും സുരക്ഷിതരാണ്. ഭക്ഷണമെല്ലാം തരുന്നുണ്ട്. ആരെയും ദ്രോഹിക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ പത്തുമിനിട്ടോളം സംസാരിച്ചു. അതിനുശേഷം യാതൊരു വിവരവും ഇല്ലാത്തത് വലിയ പ്രയാസമാണുണ്ടാക്കുന്നതെന്ന് ശ്യാംനാഥിന്റെ പിതാവ് വിശ്വനാഥൻ പറഞ്ഞു.

തിരഞ്ഞെടുപ്പായതിനാൽ സ്ഥാനാർത്ഥികളും നേതാക്കളും രക്ഷിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും കുടുംബം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. 13ന് ഉച്ചയോടെയാണ് നാലു മലയാളികൾ അടങ്ങിയ കപ്പൽ ഇറാൻ പിടിച്ചെടുത്തത്.

Advertisement
Advertisement