വിദ്വേഷ പരാമർശം: കെ.സുരേന്ദ്രനെതിരെ പരാതി

Tuesday 23 April 2024 1:23 AM IST

കൽപ്പറ്റ: വാർത്താ സമ്മേളനത്തിൽ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെതിരെ രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് അജ്മൽ സാജിദ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകി. കേരളത്തിൽ വിഭവങ്ങൾ പങ്ക് വയ്ക്കുമ്പോൾ ക്രൈസ്തവരെ തഴയുകയാണെന്ന് കെ. സുരേന്ദ്രൻ പറ‌ഞ്ഞതായാണ് ആരോപണം. ഇത്തരം പരാമർശങ്ങൾ വർഗീയ ചേരി തിരിവുണ്ടാക്കുന്നതും മത സ്പർദ്ധ വളർത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.

 ക്രൈസ്തവർക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ

കേരളത്തിൽ വിഭവങ്ങൾ പങ്ക് വയ്ക്കുമ്പോൾ പ്രധാന ന്യൂനപക്ഷമായ ക്രൈസ്തവരെ തഴയുന്നതായി വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ പറഞ്ഞു. സ്‌കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുമ്പോൾ 80 ശതമാനം മുസ്ലിംങ്ങൾക്കും 20 ശതമാനം ക്രൈസ്തവർക്കുമാണ് ലഭിക്കുന്നത്. ക്രൈസ്തവർക്കുള്ള ആനുകൂല്യം നിഷേധിക്കുന്ന സംസ്ഥാനമായി കേരളം മാറി. സംഘടിത വോട്ട് ബാങ്കുള്ളവർക്ക് മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ക്രൈസ്തവരോട് ചിറ്റമ്മ നയമാണ് സംസ്ഥാനത്ത് ഇടത് വലതു മുന്നണികൾ പുലർത്തുന്നത്. ജനസംഖ്യാനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പു നൽകണമെന്ന് ആവശ്യപ്പെട്ട ഏക പാർട്ടി ബി.ജെ.പിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

 എൻ.ഡി.എ പരാതി നൽകി

എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കൽപ്പറ്റയിൽ നടന്ന വിദ്യാർത്ഥി റാലിക്കെതിരെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ആനി രാജയ്‌ക്കെതിരെ എൻ.ഡി.എ വയനാട് പാർലമെന്റ് മണ്ഡലം കൺവീനറും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ പ്രശാന്ത് മലവയൽ പരാതി നൽകിയത്. 20ന് കൽപ്പറ്റയിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനെതിരെയാണ് പരാതി.

Advertisement
Advertisement