ചിത്രം പകർത്തുന്നതിനിടെ അഗ്നിപർവ്വതത്തിന്റെ വക്കിൽനിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

Wednesday 24 April 2024 12:03 AM IST

ജക്കാർത്ത: ഇൻഡോനീഷ്യയിൽ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായ ഇജെൻ അഗ്നിപർവ്വതത്തിന്റെ വക്കത്തുനിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. നീല ജ്വാലകളാൽ പ്രശസ്തമായ അഗ്നിപർവ്വതത്തിന്റെ വക്കത്തുനിന്നുകൊണ്ട് ഫോട്ടോ പകർത്താനുള്ള ശ്രമത്തിനിടെയാണ് ഹുവാങ് ലിഹോങ് എന്ന മുപ്പത്തിയൊന്നുകാരി ഗർത്തത്തിലേക്ക് പതിച്ചത്. ശനിയാഴ്ചയാണ് സംഭവം. ഹുവാങ്ങിനൊപ്പം ഭർത്താവുമുണ്ടായിരുന്നു. ചൈനയിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണിവർ. സൂര്യോദയം കാണുന്നതിനോടൊപ്പം ചിത്രവും പകർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

75 മീറ്റർ ആഴത്തിലേക്കാണ് യുവതി വീണതെന്നും വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോലീസ് അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂർ സമയമെടുത്താണ് ഹുവാങ്ങിന്റെ മൃതശരീരം പുറത്തെത്തിച്ചത്.

അപകടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ ഹുവാങ് വക്കത്തുനിന്ന് അകലം പാലിച്ചിരുന്നതായും എന്നാൽ ഫോട്ടോയെടുക്കാനുള്ള ശ്രമത്തിൽ പിൻതിരിഞ്ഞുള്ള നടപ്പിനിടെ ഗർത്തത്തിന്റെ സമീപത്തെത്തുകയും ധരിച്ചിരുന്ന നീളൻവസ്ത്രത്തിൽ ചവിട്ടി അഗ്നിപർവ്വതത്തിലേക്ക് വീഴുകയായിരുന്നുവെന്നും ടൂർ ഗൈഡ് പറഞ്ഞു.

സൾഫ്യൂറിക് വാതകങ്ങളുടെ സാന്നിധ്യമാണ് ഇജെൻ അഗ്നിപർവ്വത്തിലെ നീല ജ്വാലകൾക്കും നീല വെളിച്ചത്തിനും പിന്നിൽ. അഗ്നിപർവ്വതജ്വലനത്താലുണ്ടായ വിഷവാതകവ്യാപനംമൂലം 2018 ൽ നിരവധി പ്രദേശവാസികൾ വീടൊഴിഞ്ഞു പോകേണ്ടി വരികയും മുപ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കിടയ്ക്ക് അഗ്നിപർവ്വതത്തിൽനിന്ന് നേരിയതോതിൽ വിഷവാതകം വമിക്കാറുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദനീയമാണ്. ഇൻഡോനീഷ്യയിൽ 130 ഓളം സജീവ അഗ്നിപർവ്വതങ്ങളുണ്ടെന്നാണ് ഔദ്യോഗികക്കണക്ക്.

Advertisement
Advertisement