"ഹായ്, ഇത് ഞാനാണ്" അഞ്ച് മാസങ്ങൾക്ക് ശേഷം ആദ്യമായി ഭൂമിയിലേക്ക് വിവരങ്ങളയച്ച് വോയേജര്‍ -1

Wednesday 24 April 2024 12:06 AM IST

വാഷിംഗ്ടൺ : മാസങ്ങൾക്ക് ശേഷം 15 ബില്യൺ മൈൽ അകലെ നിന്ന് നാസയുടെ ഇന്റർസ്‌റ്റെല്ലാർ പേടകമായ വോയേജർ 1 ഭൂമിയിലേക്ക് വിവരങ്ങൾ അയച്ചു.

എഞ്ചിനീയറിങ് സംവിധാനങ്ങളുടെ ആരോഗ്യവും പ്രവർത്തന ക്ഷമതയും സംബന്ധിച്ച വിവരങ്ങളാണ് അയച്ചത്. നിലവിൽ വോയേജർ 1 ൽ നിന്ന് ശാസ്ത്രീയ വിവരങ്ങൾ ഒന്നും തന്നെ ഭൂമിയിലേക്ക് അയക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഭൂമിയുമായുള്ള ആശയവിനിമയ ബന്ധം തകരാറിലായ പേടകം അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഗ്രൗണ്ട് കൺട്രോൾ സ്‌റ്റേഷനിലുള്ളവർക്ക് മനസിലാകും വിധം വിവരങ്ങൾ അയച്ചത്. 2023 നവംബർ 14-ന് വോയേജർ 1 ഭൂമിയിലേക്ക് മനസിലാകുന്ന വിധത്തിൽ ഡാറ്റ അയക്കുന്നത് നിർത്തിയിരുന്നു.

പൂജ്യവും ഒന്നും ഉൾപ്പെടുന്ന ബൈനറി കോഡ് കംപ്യൂട്ടർ ഭാഷയിലാണ് വോയേജർ 1 ഭൂമിയുമായി സംവദിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി വോയേജർ 1 ൽ നിന്നും അയക്കുന്ന വിവരങ്ങൾ തിരിച്ചറിയാൻ പറ്റുന്നവ ആയിരുന്നില്ല. പേടകത്തിലെ ഫൈ്‌ലൈറ്റ് ഡാറ്റ സബ്സിസ്റ്റത്തിൽ (എഫ്ഡിഎസ്) ഉണ്ടായ സാങ്കേതിക പ്രശ്നമാണ് ഇതിന് കാരണമാണിത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭൂമിയിലെ മിഷൻ കൺട്രോൾ ടീമിന് പേടകത്തിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ ലഭിക്കുന്നുണ്ടെങ്കിലും അവയിൽ ഉപയോഗിക്കാനാവുന്ന വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഏപ്രിൽ 20 നാണ് അഞ്ച് മാസങ്ങൾക്ക് ശേഷം ആദ്യമായി വ്യക്തതയുള്ള വിവരങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ എത്തിയത്. ഈ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. വോയേജർ 1 പൂർണമായും പ്രവർത്തനക്ഷമമാണെന്നാണ് ഇതുവരെയുള്ള പരിശോധന വ്യക്തമാക്കുന്നത്.

Advertisement
Advertisement