കൊട്ടിക്കലാശത്തിന് തയ്യാറെടുത്ത് ആലത്തൂരിലെ സ്ഥാനാർത്ഥികൾ

Wednesday 24 April 2024 1:02 AM IST

തൃശൂർ: വ്യാപക പ്രചാരണത്തിനൊടുവിൽ ഇന്ന് കലാശക്കൊട്ടിനൊരുങ്ങി മുന്നണികൾ. റോഡ് ഷോ ഉൾപ്പെടെ രാവിലെ തുടങ്ങുന്ന പ്രചാരണം വാദ്യഘോഷങ്ങളുടെയും മറ്റും അകമ്പടിയോടെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വൈകിട്ട് സമാപിക്കും.
തൃശൂർ, പാലക്കാട് ജില്ലകളിലെ മണ്ഡലങ്ങളെ സ്പർശിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ ഇന്നത്തെ പര്യടനം. രാവിലെ 10ന് ചിറ്റൂരിൽ തുടങ്ങി വൈകിട്ട് തൃശൂർ വടക്കാഞ്ചേരിയിൽ സമാപിക്കും.

ഇന്നലെ കുന്നംകുളത്തായിരുന്നു പ്രചാരണം. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണം ഇന്ന് പാലക്കാട്ടാണ്. നെന്മാറയിൽ നിന്ന് രാവിലെ തുടങ്ങുന്ന റോഡ് ഷോ വൈകിട്ട് പാലക്കാട് വടക്കഞ്ചേരിയിൽ സമാപിക്കും. ഇന്നലെ വൈകിട്ട് കുന്നംകുളത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ വടക്കാഞ്ചേരി, ചേലക്കര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പര്യടനം നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസുവിന്റെ പര്യടനം ചേലക്കരയിൽ നിന്ന് തുടങ്ങും. വൈകിട്ട് ചിറ്റൂരിലെത്തും. ഇന്നലെ വടക്കാഞ്ചേരിയിലായിരുന്നു പ്രചാരണം.

വിജയപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ

ഭൂരിഭാഗവും കർഷകരും കർഷകത്തൊഴിലാളികളുമുള്ള ആലത്തൂർ മണ്ഡലത്തിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രാധാകൃഷ്ണൻ. കഴിഞ്ഞതവണ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് നേതാക്കളും കരുതുന്നു. അഞ്ച് കൊല്ലം നടത്തിയ വികസനപ്രവർത്തനം തുണയാകുമെന്ന പ്രതീക്ഷയിലാണ് രമ്യ ഹരിദാസ്.

മണ്ഡലത്തിൽ ജനങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിച്ചതിന്റെ ഗുണം കിട്ടുമെന്ന് യു.ഡി.എഫ് നേതാക്കളും കരുതുന്നു. മോദി ഗ്യാരന്റിയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ടി.എൻ.സരസുവിന്റെ വിശ്വാസം. കേന്ദ്രത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും അപ്പോൾ മണ്ഡലത്തിൽ വൻവികസനം കൊണ്ടുവരുമെന്നുമാണ് എൻ.ഡി.എ വാഗ്ദാനം.

Advertisement
Advertisement