പോളിങ്ങ് സംഘം ഇന്ന് ബൂത്തുകളിലേക്ക്

Thursday 25 April 2024 12:43 AM IST

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പോളിംഗ് സമാഗ്രികളുമായി ഉദ്യോഗസ്ഥർ ഇന്ന് ബൂത്തുകളിലെത്തും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണി മുതൽ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് അറിയിച്ചു.

നാളെ രാവിലെ ആറുമണിക്ക് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിൽ മോക് പോൾ ആരംഭിക്കും. മോക്‌പോൾ സർട്ടിഫിക്കറ്റ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരിൽ നിന്ന് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട് വാങ്ങിയ ശേഷം ഏഴുമണിക്ക് പോളിംഗ് ആരംഭിക്കും.

തകരാർ പരിഹരിക്കാൻ പ്രത്യേക സംഘം

ഇ.വി.എം തകരാർ സംഭവിച്ചാൽ പരിഹരിക്കാൻ ബെൽ എൻജിനിയർമാരുടെയും സെക്ടർ ഓഫീസർമാരുടെയും സംഘമുണ്ടാകും. ഇ.വി.എം മെഷീൻ മാറ്റി പുനഃസ്ഥാപിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണിക്ക് പോളിംഗ് അവസാനിക്കും. തുടർന്ന് നിരയിലുള്ള ആളുകൾക്ക് ടോക്കൺ നൽകും. ടോക്കൺ ലഭിച്ച എല്ലാവരും വോട്ട് രേഖപ്പെടുത്തിയെന്ന് പ്രിസൈഡിങ് ഓഫീസർ ഉറപ്പുവരുത്തിയതിന് ശേഷം വോട്ടിംഗ് അവസാനിച്ചുവെന്ന് പ്രഖ്യാപിക്കും. തുടർന്ന് ഇ.വി.എമ്മിൽ ക്ലോസ് ബട്ടൺ അമർത്തും.

Advertisement
Advertisement