പ്രതിപക്ഷ നേതാക്കളെ വേട്ടയാടി ജയിലിലിടുന്നു: പ്രിയങ്ക ഗാന്ധി

Thursday 25 April 2024 12:36 AM IST

കമ്പളക്കാട്(വയനാട്): രാജ്യത്ത് പ്രതിപക്ഷ പാർട്ടി നേതാക്കളെ മോദി സർക്കാർ വേട്ടയാടി ജയിലിലിടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഒരു നടപടിയുമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കമ്പളക്കാട് പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ബി. ജെ. പി നേതാക്കളുടെ കാറുകളിൽ നിന്ന് കോടികൾ പിടിച്ചെടുത്തപ്പോൾ കേരള സർക്കാർ ഒരു നടപടിയുമെടുത്തില്ല. മുഖ്യമന്ത്രിയുടെ പേരിൽ അഴിമതി കേസുകൾ പുറത്തുവന്നു. മോദി സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഭൂരിഭാഗം മാദ്ധ്യമങ്ങളെയും ബി. ജെ. പി കൈയടക്കിവെച്ചിരിക്കുകയാണ്. അതുകൊണ്ട് യാഥാർത്ഥ്യം പലതും പുറത്തുവരുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിന്റെയും ഡീസലിന്റെയുമെല്ലാം വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 10 വർഷത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായി. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങൾ ഇല്ലാതാക്കാൻ ചെയ്യാനാവുന്നതെല്ലാം ചെയ്തു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ ബി. ജെ .പി ഭീഷണിപ്പെടുത്തുകയാണ്. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലാക്കിയെന്നത് രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ആദ്യ സംഭവമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.രാഹുൽഗാന്ധി ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ജനാധിപത്യം, തുല്യത, നീതി, സമത്വം എന്നിവയ്ക്കായി അദ്ദേഹം പോരാട്ടം തുടരും. സിദ്ധാർഥനെ പോലെയുള്ള ചെറുപ്പക്കാരെ മാസങ്ങളോളം പീഡിപ്പിച്ച് റാഗിംഗ് നടത്തി കൊലപ്പെടുത്തിയിട്ടും നടപടിയെടുക്കാതിരുന്നത് അനീതിയാണ്. മണിപ്പൂരിലെ സ്ത്രീകളെ അധിക്ഷേപിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തപ്പോൾ, ഹത്രാസിലെ, ഉന്നാവിലെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിച്ചത് അനീതിയാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രകടനപത്രികയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും നടപ്പിലാക്കും. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .എം. എ സലാം, അഡ്വ. ടി .സിദ്ധിഖ് എം. എൽ. എ, എൻ. ഡി അപ്പച്ചൻ, സി.മമ്മൂട്ടി, ടി .ഹംസ, പി. ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement