കൊല്ലം ചൊങ്കോട്ട പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണം

Thursday 25 April 2024 12:59 AM IST

കൊട്ടാരക്കര : കൊല്ലം ചെങ്കോട്ട റെയിൽപ്പാതയിൽ വൈദ്യുതീകരണം പൂർത്തിയായ സ്ഥിതിക്ക് ഇതുവഴി കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് കൊല്ലം ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. കൊല്ലം, ചെങ്കോട്ട, ചെന്നൈ പാത വൈദ്യുതീകരിക്കപ്പെട്ടിട്ടുള്ളതിനാൽ പകൽ കൊല്ലത്തു നിന്ന് ചെങ്കോട്ട വഴി തിരുനെൽവേലിയിലേക്കും തിരിച്ച് കൊല്ലത്തേക്കും മെമു സർവീസുകൾ ആരംഭിക്കണം.

കൊല്ലത്ത് നിന്ന് പകൽ 12.10ന് പുറപ്പെട്ട് പിറ്റേദിവസം അതിരാവിലെ എഗ്മോറിൽ എത്തുന്ന കൊല്ലം ചെന്നൈ എഗ്മോർ എക്സ്പ്രസിന്റെ സമയം പുന:ക്രമീകരിക്കണം. കേവലം 20 മിനിറ്റ് വത്യാസത്തിലാണ് കൊല്ലത്ത് നിന്ന് ഈ ട്രെയിനും ഗുരുവായൂർ മധുര എക്സ്പ്രസും ഇതുവഴി കടന്നു പോകുന്നത്. ട്രെയിൻ സമയം ക്രമീകരിച്ചാൽ യാത്രക്കാർക്ക് സൗകര്യപ്രദമായിരിക്കുമെന്ന് കൊല്ലം ചൊങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

കൊല്ലത്ത് നിന്നും മധുര പഴനി വഴി കോയമ്പത്തൂരിലേക്കുണ്ടായിരുന്ന സർവീസ് അടക്കം മീറ്റർ ഗേജ് പാതയിൽ ഓടയിരുന്ന ട്രെയിനുകൾ എല്ലാം സ്ഥാപിക്കും എന്ന ഉറപ്പ് ദക്ഷിണ റെയിൽവേ ഇതുവരെയും പാലിച്ചിട്ടില്ല. നിലവിൽ ചൊങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന മയിലാടുതുറൈ, ചെങ്കോട്ട, താംബരം, ചെങ്കോട്ട, മധുര ചെങ്കോട്ട ട്രെയിനുകൾ കൊല്ലത്തേക്കും നാഗർകോവിൽ പുനലൂർ എക്സ് പ്രസ് ചെങ്കോട്ടവരെയും നീട്ടണം. ദ്വൈവാര സർവീസായ വേളാങ്കണ്ണി എക്സ്പ്രസ് പ്രതിദിനമാക്കുന്നതിനൊപ്പം തിരുനൽവേലിയിൽ നിന്ന് മംഗലാപുരത്തേക്ക് പ്രതിവാര എക്സ്പ്രസും ആരംഭിക്കണം. അസോസിയേഷൻ പ്രസിഡന്റ് എൻ. ചന്ദ്രമോഹൻ അദ്ധ്യക്ഷനായി. എൻ.ബി. രാജഗോപാൽ, ദീപു രവി, അജീഷ് പുന്നല, ലീലാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement