കിണറിനുള്ളിൽ ശ്വാസം കിട്ടാതെ അകപ്പെട്ട തൊഴിലാളിയെ രക്ഷിച്ചു

Thursday 25 April 2024 12:01 AM IST

എഴുകോൺ : കിണർ വൃത്തിയാക്കാനിറങ്ങി ശ്വാസം കിട്ടാതെ അവശനായ തൊഴിലാളിയെ അഗ്നി രക്ഷാ സേന രക്ഷിച്ചു. കർണാടക സ്വദേശിയും കല്ലുവാതുക്കലിലെ താമസക്കാരനുമായ സുരേഷ് (32) ആണ് ബുധനാഴ്ച വൈകിട്ട് നെടുമൺകാവിൽ അപകടത്തിൽപ്പെട്ടത്. നെടുമൺകാവ് ഗോവിന്ദ വിലാസത്തിൽ അനിൽകുമാറിന്റെ വീട്ടിലെ അറുപതടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനാണ് സുരേഷ് ഇറങ്ങിയത്. ശ്വാസം കിട്ടാതെ സുരേഷ് അവശനായ ഉടൻ അനിൽകുമാറും മറ്റുള്ളവരും നടത്തിയ സമയോജിതമായ ഇടപെടലാണ് രക്ഷയായത്. 108 ആംബുലൻസ് എത്തിച്ച് അതിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിൽ നിന്ന് വാതകം കിണറിനുള്ളിലേക്ക് എത്തിച്ചതാണ് രക്ഷയായത്. വിവരമറിഞ്ഞ് കുണ്ടറയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന പെട്ടെന്ന് തന്നെ റോപ്പും വലയും ഉപയോഗിച്ച് സുരേഷിനെ പുറത്തെത്തിച്ചു. നെടുമൺകാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ സുരേഷിനെ വീട്ടിലേക്ക് മടക്കി അയച്ചു.

Advertisement
Advertisement