ലാഭമെടുപ്പിൽ തളർന്ന് ഓഹരി വിപണി

Saturday 27 April 2024 12:49 AM IST

കൊച്ചി: തുടർച്ചയായ അഞ്ച് ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണി ഇന്നലെ നഷ്ടത്തിലേക്ക് മൂക്കുകുത്തി. ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളും വിപണിക്ക് സമ്മർദ്ദം സൃഷ്ടിച്ചു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 609.28 പോയിന്റ് ഇടിഞ്ഞ് 73,730.16ൽ അവസാനിച്ചു. നിഫ്റ്റി 150.30 പോയിന്റ് നഷ്ടവുമായി 22,420.00ൽ എത്തി. ബാങ്കിംഗ്, അടിസ്ഥാന സൗകര്യ വികസനം, വാഹന മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. അമേരിക്കയിൽ നാണയപ്പെരുപ്പം അപ്രതീക്ഷിതമായി ഉയർന്നതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ തിരിച്ചടി നേരിട്ടു. ഇടത്തരം ഓഹരി സൂചിക പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ, ഇൻഡസ് ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് നഷ്ടം നേരിട്ട പ്രധാന ഓഹരികൾ.

Advertisement
Advertisement