യന്ത്രം പണിമുടക്കി, വോട്ടിംഗ് വൈകി

Saturday 27 April 2024 12:58 AM IST

ആലപ്പുഴ: വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് ജില്ലയിലെ പല പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് വൈകി. 10മുതൽ 45മിനിറ്റ് വരെയാണ് ബൂത്തുകളിൽ പോളിംഗ് തടസപ്പെട്ടത്. അമ്പലപ്പുഴയിലെ കരുമാടി ഗവ. എച്ച്.എസിലെ 150-ാം നമ്പർ ബൂത്തിൽ രാവിലെ 10മണിയോടെ യന്ത്രതകരാറിനെ തുടർന്ന് 45മിനിറ്റ് വോട്ടിംഗ് തടസപ്പെട്ടു.

വണ്ടാനം എം.സി.എച്ച്, നാലുചിറ ഗവ. എച്ച്.എസ്, പുന്നപ്ര കാർമ്മൽ എന്നിവടങ്ങളിലെ ബൂത്തുകളിൽ യന്ത്രത്തിന്റെ വേഗതക്കുറവു മൂലം നീണ്ടക്യൂവാണ് ഉണ്ടായത്. കുട്ടനാട് ചേന്നങ്കരി ഭജനമഠത്തിലെ നാലാംനമ്പർ ബൂത്തിൽ 30മിനിറ്റ് വോട്ടിംഗ് തടസപ്പെട്ടു. തലവടി പഞ്ചായത്ത് ഗവ. ന്യൂ എൽ.പി സ്‌കൂളിലെ 120-ാം നമ്പർ ബൂത്തിൽ മെഷീൻ കേടായതിനെ തുടർന്ന് ഒരു മണിക്കൂർ പോളിംഗ് മുടങ്ങി. ചേർത്തലയിലെ നെടുമ്പ്രത്ത് 63-ാം നമ്പർ ബൂത്ത്, ഹോളിഫാമിലി സ്കൂളിലെ 73-ാം നമ്പർ ബൂത്ത്, കിഴക്കേ 40-ാം നമ്പർ എൻ.എസ്.എസ് ആഡിറ്റോറിയത്തിലെ 86-ാം നമ്പർ ബൂത്ത്, കണ്ണങ്കര 168-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലും യന്ത്രത്തിന്റെ തകരാറിനെ തുടർന്ന് വോട്ടിംഗ് വൈകി. അരൂരിലെ ചന്തിരൂർ കുമർത്തുപടി ഇസിയാഹുൾ ഇസ്‌ളാം യു.പി.സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ യന്ത്രം ഒരു മണിക്കുറോളം പണിമുടക്കി. ഇന്നലെ ഉച്ചക്ക് 2.50 ന് മുടങ്ങിയ വോട്ടിംഗ് 4.10 ന് മറ്റൊരു യന്ത്രം കൊണ്ടുവന്നാണ് പുനരാംഭിച്ചത്.

Advertisement
Advertisement