വേനൽച്ചൂട് പോളിംഗ് കുറച്ചു

Saturday 27 April 2024 12:06 AM IST

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് കുറച്ചത് കനത്തചൂടാണെന്ന് പ്രാഥമിക നിഗമനം.കഴിഞ്ഞയാഴ്ച വേനൽമഴയുണ്ടായെങ്കിലും ഇന്നലെ ചൂട് കൂടുതലായിരുന്നു.പാലക്കാട് 41ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. പല ജില്ലകളിലും 39ഡിഗ്രിക്ക് മുകളിലായിരുന്നു.ഉച്ചയോടെ ജനം വിട്ടുനിന്നു.വിവിധ ജില്ലകളിലായി ചൂടുമൂലം അസുഖ ബാധിതരായി പത്തു പേർ മരിച്ചതും ഭീതിയാക്കി. രോഗികളും പ്രായമേറിയവരും വിട്ടുനിന്നു. ശനി,ഞായർ ദിവസങ്ങൾ അവധിയായതിനാൽ വെള്ളിയാഴ്ചത്തെ പോളിംഗ് അവധി പലരും ടൂർ പോകാൻ വിനിയോഗിച്ചു.

1962ലും 1998ലും 1999ലുമാണ് പോളിംഗ് 70%മായി കുറഞ്ഞത്. 2004ൽ 71.2%, 2009 ൽ 73.38%, 2014ൽ 74.02% 2019ൽ 77.67% എന്നിങ്ങനെയായിരുന്നു പോളിംഗ്.

ഇക്കുറി വടക്കൻ മേഖലയിൽ പൊന്നാനിയിൽ മാത്രമാണ് പോളിംഗ് 70% താഴെ പോയത്.തെക്കൻ ജില്ലകളിൽ പൊതുവെ കുറവായിരുന്നു. തിരുവനന്തപുരം, കോട്ടയം,ആറ്റിങ്ങൽ,കൊല്ലം,മാവേലിക്കര,പത്തനംതിട്ട ഇടുക്കി,എറണാകുളം,എന്നിവിടങ്ങളിൽ 70% താഴെയാണ് വോട്ട് രേഖപ്പെടുത്തിയത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ.സർക്കാർ തന്നെ അധികാരത്തിൽ വരുമെന്ന തോന്നലും സംസ്ഥാനത്തെ പ്രബല കക്ഷികളായ കോൺഗ്രസും സി.പി.എമ്മും അധികാരത്തിലെത്താൻ ഇടയില്ലെന്ന തോന്നലും പോളിംഗ് ബൂത്തിൽ നിന്ന് വോട്ടർമാരെ അകറ്റാനിടയാക്കിയെന്ന് വിലയിരുത്തലുണ്ട്. സംസ്ഥാനത്തെ ഇപ്പോഴത്തെ ഭരണത്തോട് എതിർപ്പുള്ള സർക്കാർ ജീവനക്കാരിൽ ഇലക്ഷൻ ഡ്യൂട്ടിയില്ലാത്തവർ കൂട്ടത്തോടെ ടൂറിന് പോയെന്നും അറിയുന്നു.

Advertisement
Advertisement