കതിർമണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്

Saturday 27 April 2024 2:46 AM IST

തിരുവനന്തപുരം: വാദ്യമേളങ്ങൾ മുഴങ്ങിയ കതിർമണ്ഡപത്തിൽ നിന്ന് വരൻ അനന്ദു ഗിരീഷും വധു ഗോപിക ബി.ദാസും ആദ്യമെത്തിയത് ഊളമ്പാറ എൽ.പി.സ്കൂളിലെ 106-ാം നമ്പർ ബൂത്തിലേക്ക്. കല്യാണദിവസം മണ്ഡപത്തിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾക്കൊപ്പം വോട്ടിംഗ് സ്ലിപ്പും തിരിച്ചറിയൽ കാർഡും മറക്കാതെ ഇരുവരും കരുതി.വഴുതക്കാട് ട്രിവാൻഡ്രം ക്ലബിൽ ഉച്ചയ്ക്ക് 12നും 12.45നും ഇടയിലായിരുന്നു വിവാഹം.അനന്ദു രാവിലെ 7ന് ഇതേ സ്കൂളിലെത്തി വോട്ട് ചെയ്തു. അനന്ദുവിനൊപ്പം 2.45ന് സ്കൂളിൽ എത്താനായിരുന്നു ഗോപികയുടെ പ്ലാൻ.എന്നാൽ ഫോട്ടോ ഷൂട്ട് കഴിഞ്ഞെത്തിയപ്പോൾ 3.30ആയി. തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു വോട്ട്.പേരൂർക്കട 'മാധവം വീട്ടിൽ' ഗിരീഷിന്റെയും ബീനയുടെയും മകനാണ് അനന്ദു.അമ്പലമുക്ക് 'കൈതവിളാകം വീട്ടിൽ' ബിജുവിന്റെയും സരിതയുടെയും മകളാണ് ഗോപിക.വോട്ടിട്ട ശേഷം ഇടപ്പഴിഞ്ഞി ആർ.ഡി.ആർ ഓഡിറ്റോറിയത്തിൽ വിവാഹസത്കാരത്തിലും പങ്കെടുത്തു. വിവാഹത്തീയതി ആദ്യമേ നിശ്ചയിച്ചതാണെന്നും തിരഞ്ഞെടുപ്പ് ദിനവുമായി ചേർന്ന് വരുമെന്ന് കരുതിയില്ലെന്ന് ഇരുവരും പറയുന്നു.

വോട്ടിടാൻ വന്ദേഭാരതിൽ പാഞ്ഞെത്തി

ഗുരുവായൂരപ്പന്റെ നടയിൽ താലികെട്ടണമെന്നത് നെട്ടയം സ്വദേശി ലക്ഷ്മിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു.എന്നാൽ തിരഞ്ഞെടുപ്പും കല്യാണവും ഒത്തുവന്നപ്പോൾ വോട്ടിംഗ് പാഴാക്കിക്കളയാൻ ലക്ഷ്മി തയ്യാറായില്ല.രാവിലെ 7.30നായിരുന്നു പരേതനായ മോഹനന്റെയും മോഹനകുമാരിയുടെയും മകൻ മുക്കോല സ്വദേശി അരുണും അരവിന്ദന്റെയും അംബികാവതിയുടെയും മകൾ ലക്ഷ്മിയും വിവാഹിതരായത്.വന്ദേഭാരതിൽ 3.10ഓടെ നാട്ടിലെത്തി.വട്ടിയൂർക്കാവ് മൂന്നാംമൂട് മഞ്ചമ്പാറ എൽ.പി.എസിലായിരുന്നു ലക്ഷ്മിയുടെ വോട്ട്.അരുണിന്റെ പേര് ഇക്കുറി വോട്ടർ പട്ടികയിലുണ്ടായിരുന്നില്ല.വെങ്ങാനൂർ ശ്രീനീലകേശി ഓഡിറ്റോറിയത്തിൽ വിവാഹിതരായ അഖിലും സുരഭിയും ആദ്യം എത്തിയതും പോളിംഗ് ബൂത്തിലാണ്. മുട്ടട വൊക്കേഷണൽ എച്ച്.എസ്.എസിലായിരുന്നു അഖിലിന് വോട്ട്. 12നും 12.30നും ഇടയിലായിരുന്നു വിവാഹം.വൈകിട്ട് 3.45ഓടെ അഖിൽ വോട്ട് ചെയ്തു.സുരഭി രാവിലെ വെങ്ങാനൂരിൽ തന്നെയുള്ള സ്കൂളിൽ വോട്ട് ചെയ്തിരുന്നു. മുട്ടട ഇളങ്ങുംവിള ലൈൻ 'എ.എൻ.എൽ ഭവനിൽ' അശോകകുമാറിന്റെയും ലതികാറാണിയുടെയും മകനാണ് അഖിൽ.വിഴിഞ്ഞം വെങ്ങാനൂരിൽ കോട്ടുകാൽ 'സുധീഷ് ഭവനിൽ' സുരേന്ദ്രന്റെയും സിന്ധുവിന്റെയും മകളാണ് സുരഭി.

ബുള്ളറ്റിലെത്തി വോട്ട്

'എനിക്ക് എന്തായാലും വോട്ട് ചെയ്യാനാവില്ല.അവളെങ്കിലും ചെയ്യട്ടേ..'കാഞ്ഞിരപ്പള്ളിക്കാരൻ അമലിന്റേതാണ് വാക്കുകൾ.ആറ്റുകാൽ കാർത്തിക ഓഡിറ്റോറിയത്തിൽ 11.50നും 12.40നും ഇടയിൽ ആറ്റുകാൽ സ്വദേശി ഐശ്വര്യയും അമലും വിവാഹിതരായി.താലികെട്ട് കഴിഞ്ഞ ഉടൻ ഐശ്വര്യയെ ബുള്ളറ്റിന് പിന്നിലിരുത്തി അമൽ മണക്കാട് ഗേൾസ് സ്കൂളിലെത്തി.ഐശ്വര്യയെ വോട്ട് ചെയ്യിപ്പിച്ച് ഫോട്ടോ ഷൂട്ടിനായി തിരികെ മണ്ഡപത്തിലേക്ക് പോയി. കല്ലുവെട്ടാൻകുഴിയിലെ അർച്ചന ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനു ശേഷമാണ് വരൻ ബി.കെ.രാഹുലും വധു അപർണ ജി.നായരും മുല്ലൂർ പനവിള യു.പി.എസിലെ 131-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിയത്.മുല്ലൂർ മേലേ കൂറ്റുവിളാകത്ത് പരേതനായ എസ്.ഗോപകുമാറിന്റെയും എസ്.ശ്രീകുമാരിയുടെയും മകളാണ് അപർണ.മച്ചേൽ നന്ദനത്തിൽ ജി.ഭുവനേന്ദ്രൻ നായരുടെയും എൽ.കൃഷ്ണകുമാരിയുടെയും മകനാണ് രാഹുൽ.

ക്യാപ്ഷൻ: ആറ്റുകാൽ കാർത്തിക ഓഡിറ്റോറിയത്തിൽ ഇന്നലെ വിവാഹിതയായ ഐശ്വര്യ മണക്കാട് ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ.വരൻ ബി.കെ.രാഹുൽ സമീപം

വട്ടിയൂർക്കാവ് മൂന്നാംമൂട് മഞ്ചമ്പാറ എൽ.പി.എസിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ നവവധു ലക്ഷ്മി.വരൻ അരുൺ സമീപം.

Advertisement
Advertisement