തിരുവനന്തപുരം വിമാനത്താവളത്തിൽ 1.05 കോടിയുടെ സ്വർണം പിടിച്ചു,​ പ്രതി റിമാൻഡിൽ

Sunday 28 April 2024 12:00 AM IST

ശംഖുംമുഖം: വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 1.05 കോടിയുടെ സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർകസ്റ്റസ് ഇന്റലിജൻസ് പിടികൂടി. സ്വർണം കടത്തിയ തിരുവനന്തപുരം വെമ്പായം സ്വദേശി അബ്ദുൾ സുനീർ(25) നെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയിലിലേക്കു മാറ്റി.

ഇന്നലെ രാവിലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യഎയർലൈൻസിന്റെ ജി.9ാംനമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാൾ. 1478 ഗ്രാമിൽ അധികം തൂക്കം വരുന്ന 24കാരറ്റിന്റെ സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചുവച്ചാണ് കടത്താൻ ശ്രമിച്ചത്. സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് കസ്റ്റംസ് അധികൃതർ പരിശോധനകൾ കർശനമാക്കിയിരുന്നു.വിമാനത്തിൽ നിന്നിറങ്ങിയ അബ്ദുൾ സുനീർ മെറ്റൽ ഡിറ്റക്റ്ററിലൂടെ പുറത്തു കടന്നെങ്കിലും സംശയം തോന്നിയ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മിശ്രിത രൂപത്തിലാക്കിയ സ്വർണം കണ്ടെത്തിയത്. ഒരുകോടിക്കു മുകളിൽ വിലയുള്ള സ്വർണം കടത്തിയതിനാലാണ് കള്ളക്കടത്തു തടയൽ (കോഫെപോസ) നിയമപ്രകാരം പ്രതി ജയിലിലായത്.

നാലു മാസത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർകസ്റ്റസ് ഇന്റലിജൻസ് പിടികൂടിയത് 12കോടിയിൽ അധികം വിലവരുന്ന സ്വർണമാണ്. കസ്റ്റസിന്റെ പിടിയിൽപെട്ടാലും ജയിലിൽ പോകാതിരിക്കാൻ ഒരു കോടിക്കു താഴെ മൂല്യംവരുന്ന സ്വർണ്ണമാണ് പലരും കടത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ അടുത്തിടെ പിടിച്ച കേസുകളെല്ലാം ഇത്തരത്തിലുള്ളതാണ്.

Advertisement
Advertisement