പിണറായിയും കണ്ണൂരും കൈവിട്ടു ; ഇ. പി ജയരാജൻ ഒഴിഞ്ഞേക്കും

Sunday 28 April 2024 12:27 AM IST

കണ്ണൂർ:പല പ്രതിസന്ധികളിലും സംരക്ഷകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറയുകയും കണ്ണൂരിലെ പാർട്ടി ഘടകം പൂർണമായി കൈവിടുകയും ചെയ്‌തതോടെ മുതിർന്ന നേതാവായ ഇ.പി ജയരാജനെതിരെ അച്ചടക്ക നടപടിക്ക് സാദ്ധ്യത ഏറി. പാർട്ടി പുറത്താക്കും മുമ്പ് ഇ. പി. ജയരാജൻ എൽ.ഡി.എഫ്. കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. പാർട്ടിയിൽ നിന്ന് അവധി എടുക്കാനും സാദ്ധ്യതയുണ്ട്

ബി. ജെ. പി നേതാവുമായുള്ള കൂടിക്കാഴ്ചയിലെ ജയരാജന്റെ ജാഗ്രതക്കുറവിനെയാണ് പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞത്. വിഭാഗീയതയുടെ കാലത്തടക്കം പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഇ.പി.ജയരാജനെതിരായ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സമ്പൂർണമായി പിന്തുണയ്ക്കുകയാണ് കണ്ണൂർ ഘടകവും.

ഇ.പി. അടക്കം ജയരാജന്മാരുൾപ്പെടുന്ന നേതൃനിരയ്‌ക്ക് 'കണ്ണൂർ ലോബി' എന്നായിരുന്നു വിളിപ്പേര്. പിന്നീട് സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്നു തന്നെയാണ് ഇ.പി.ജയരാജനെതിരേ ആരോപണങ്ങളേറെയും ഉയർന്നത്. അന്നെല്ലാം ഇ.പിയുടെ രക്ഷകനായിരുന്ന പിണറായി വിജയനാണ് ഇപ്പോൾ കടുത്ത ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചത്. പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നിലപാടെന്ന് എം.വി. ജയരാജൻ ഇന്നലെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പാർട്ടി നേതൃത്വം പറയുന്നതായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം എല്ലാവശങ്ങളും നോക്കി പറഞ്ഞതാണെന്നും അതിൽ നിന്ന് ഒരു വാചകവും മാറ്റാനില്ലെന്നുമാണ് എം.വി. ജയരാജൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

ബന്ധുനിയമന വിവാദം മുതൽ കണ്ണൂരിലെ നേതാക്കൾ ഇ.പി.ജയരാജനെ കാര്യമായി പിന്തുണച്ചിരുന്നില്ല. ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി. ജയരാജൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതിയിൽ പി.ജയരാജൻ ഉന്നയിച്ചതും നേതാക്കൾ ശരിവച്ചതും തിരിച്ചടിയായിരുന്നു. തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായ അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തൽ രേഖയുടെ ചർച്ചയിലാണ് പി.ജയരാജൻ അന്ന് തുറന്നടിച്ചത്. പാർട്ടി അന്വേഷിച്ച ഈ ആരോപണത്തിലും നടപടി ഉണ്ടാവാതിരുന്നത് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായിട്ടുണ്ട്. വ്യക്തിപൂജ വിവാദത്തിൽ പി.ജയരാജനെതിരേ നടപടിക്ക് തിടുക്കം കാട്ടിയ പാർട്ടിക്ക് ഇ.പിയോട് മൃദു സമീപനമാണെന്ന മുറുമുറുപ്പ് പി. ജയരാജനെ പിന്തുണയ്ക്കുന്നവർക്ക് ഉണ്ടായിരുന്നു.


നടപടി കേന്ദ്ര കമ്മിറ്റിയിൽ
ബി.ജെ.പി നേതാവ് വീട്ടിലെത്തി തന്നെ കണ്ടത് പാർട്ടിയെ അറിയിക്കാത്തത് തെറ്റായി കണക്കാക്കിയുള്ള നടപടി ഇ.പി. പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ അംഗത്തിന്റെ ഘടകം അച്ചടക്കനടപടി എടുക്കണമെന്നാണ് സംഘടനാരീതി. സംസ്ഥാന കമ്മിറ്റിയും പി.ബി.യും ചർച്ചചെയ്ത് നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റി നടപടി. തത്കാലം മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ഇ.പി.യുടെ നിലപാട്.

Advertisement
Advertisement