ജൂണിൽ ജോസും സേനാപതിയും കൽക്കിയും

Monday 29 April 2024 6:00 AM IST

ടർബോയും ഇന്ത്യൻ 2 വും 13ന്, കൽക്കി 27ന്

പതിവിൽനിന്ന് വ്യത്യസ്തമായി ജൂണിൽ മേജർ റിലീസ്. മമ്മൂട്ടിയുടെ ടർബോ, കമൽഹാസൻ - ഷങ്കർ ചിത്രം ഇന്ത്യൻ 2, പ്രഭാസിന്റെ കൽക്കി 2898 എഡി എന്നീ ചിത്രങ്ങളാണ് റിലീസിന്. കൽക്കിയിൽ കമൽഹാസൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതിനാൽ രണ്ട് ചിത്രങ്ങളിൽ ഉലകനായകനെ ആരാധകർക്ക് കാണാം.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മാസ് ആക്ഷൻ കോമഡിയാണ് . ടർബോ ജോസ് എന്ന ഇടിവെട്ട് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കന്നട താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിൽ എത്തുന്നു. അഞ്ജന ജയപ്രകാശ് ആണ് മറ്റൊരു പ്രധാന താരം. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ടർബോ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. വിയറ്റ്നാം ഫൈറ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി. മലയാള സിനിമയിൽ അവർ ആദ്യമാണ്. ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കറും ഉലക നായകൻ കമൽഹാസനും വീണ്ടും ഒന്നിക്കുന്നതാണ് ഇന്ത്യൻ 2 ന്റെ ഹൈലൈറ്റ്. 1996 ൽ റിലീസ് ചെയ്ത ഇന്ത്യൻ സിനിമയിൽ ഇരട്ട വേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യന്റെ തുടർച്ചയായ ഇന്ത്യൻ 2 വിൽ കാജൽ അഗർവാളാണ് നായിക. രാകുൽ പ്രീത് സിംഗ്, സിദ്ധാർത്ഥ് എന്നിവരാണ് മറ്റു താരങ്ങൾ. രവിവർമ്മൻ ആണ് ഛായാഗ്രഹണം. 200 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഇന്ത്യൻ 2 ലൈക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി ജൂൺ 27ന് റിലീസ് ചെയ്യും.
അമിതാഭ് ബച്ചൻ, കമൽഹാസന്‍, ദീപിക പദുകോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരകൊണ്ട, ദുൽഖ‌ർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ ഫാന്റസി ആണ് . വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു.
പി.ആർ.ഒ ആതിര ദിൽജിത്ത്.

Advertisement
Advertisement