ബൂത്തുകളിൽ നിന്ന് ഒഴിവാക്കിയതിൽ ഹരിതകർമ്മ സേനയ്ക്കും അങ്കണവാടി ജീവനക്കാർക്കും അതൃപ്‌തി

Monday 29 April 2024 1:13 AM IST

ആലപ്പുഴ: വോട്ടെടുപ്പ് ദിനത്തിൽ പോളിംഗ് ബൂത്തുകളിൽ നിയോഗിക്കപ്പെട്ട അങ്കണവാടി ജീവനക്കാരെയും ഹരിത കർമ്മസേനയെയും അപമാനിച്ച് ഇറക്കിവിട്ടതായി ആക്ഷേപം. എന്നാൽ,​ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതരുടെ വിശദീകരണം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം മുഴുവൻ ആളുകളെയും ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ഹരിതകർമ്മ സേനക്കാരും അങ്കണവാടി ജീവനക്കാരും പറഞ്ഞതോടെ വിവാദം പുകയുന്നു.

അപമാനിതരായി:

ഹരിതകർമ്മ സേന

ഹരിതചട്ടം പാലിക്കുകയെന്ന തിരഞ്ഞെടുപ്പുകമ്മീഷന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഉത്തരവോടെയാണ് ഒരു ദിവസത്തെ വേതനം ഉറപ്പ് നൽകി ഹരിതകർമ്മസേനയെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ബൂത്തുകളിൽ നിയോഗിച്ചത്. ബൂത്തുകളിലെ മാലിന്യം യഥാസമയം ശേഖരിച്ച് നീക്കം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബൂത്തുകൾ അലങ്കരിച്ചും മാലിന്യ ശേഖരണത്തിന് ഓല കൊണ്ടുള്ള വല്ലങ്ങളും മറ്റും ഉണ്ടാക്കിയും രാവിലെ 7 മുതൽ സേന പ്രവർത്തന നിരതരായിരുന്നു. എന്നാൽ,​ ഏതാനും ഹരിതകർമ്മ സേനാ പ്രവർത്തകർ വോട്ടർമാരെ ബൂത്തിനുള്ളിൽ സ്വാധീനിക്കുന്നതായി പൊലീസ് റിപ്പോർട്ട് ചെയ്തു. ഇതോടെ അഡിഷണൽ എസ്.പി ഇടപെട്ട്, ജില്ലാ കളക്ടറുമായി ചർച്ച നടത്തി സേനയെ ആറ് മണിക്ക് ശേഷം ശുചീകരണ ജോലിക്ക് നിയോഗിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

വിളിച്ചുവരുത്തി അവഹേളിച്ചു:

അങ്കണവാടി ജീവനക്കാർ


ഇലക്ഷൻ ഡ്യൂട്ടിക്ക് പ്രത്യേക ഉത്തരവിറക്കിയാണ് അങ്കണവാടി വർക്കർമാരേയും ഹെൽപ്പർമാരേയും വോളന്റിയർ സേവനത്തിന് വിളിച്ചുവരുത്തിയത്. ഭിന്നശേഷിക്കാർ, വൃദ്ധരായവർ, ശാരീരിക അവശതയുള്ളവർ, രോഗികളായ വോട്ടർമാർ തുടങ്ങിയവരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുന്നതിനും ബൂത്തിലെ തിരക്കും ക്യൂവും ക്രമീകരിക്കുന്നതിനുള്ള സേവനങ്ങൾ ചെയ്തു വന്നിരുന്ന അങ്കണവാടി ജീവനക്കാരെ പെട്ടെന്നൊരു നിമിഷം ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി അപമാനിച്ചു. ഉച്ച ഭക്ഷണം പോലും നൽകിയില്ല. ഇലക്ഷൻ ഡ്യൂട്ടിക്ക് സാമ്പത്തിക ആനുകല്യങ്ങളോ, കോമ്പൻസേഷൻ ലീവോ പ്രഖ്യാപിച്ചിരുന്നില്ല.

...................

വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം അടിയന്തര നിർദ്ദേശം നൽകി ഹരിത കർമ്മസേനയെ അടക്കം പ്രവർത്തനത്തിൽ നിന്ന് ഒഴിവാക്കിയത്. വൈകിട്ട് ആറിന് ശേഷം ശുചിത്വ ജോലിക്ക് മാത്രം നിയോഗിക്കാനായിരുന്നു നിർദ്ദേശം. അതനുസരിച്ച് ഹരിതകർമ്മസേനാംഗങ്ങൾ തിരികെയെത്തിയിരുന്നു.

-ശുചിത്വ മിഷൻ ജില്ലാ കോ- ഒാഡിനേറ്റർ

Advertisement
Advertisement