ആം ആദ്മി പാർട്ടി ഗാനം മാറ്റാൻ തിര. കമ്മിഷൻ

Monday 29 April 2024 12:27 AM IST

ന്യൂഡൽഹി : ആം ആദ്മി പാർട്ടി ലോക്‌സഭാ പ്രചാരണത്തിനായി തയ്യാറാക്കിയ വീഡിയോ ഗാനത്തിൽ ഭേദഗതി നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറാണ് നിർദ്ദേശം നൽകിത്.

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 'ജയിലിലിട്ടതിന് മറുപടി വോട്ടിലൂടെ"(ജയിൽ കാ ജവാബ് വോട്ട് സേ) പ്രചാരണം പാർട്ടി ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വീഡിയോ ഗാനം.

'ജയിൽ കാ ജവാബ് ഹം വോട്ട് സേ ദേംഗെ' എന്ന ഗാനത്തിലെ വരികൾ മാറ്റി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് വീണ്ടും സമർപ്പിക്കണം. കേജ്‌രിവാൾ ജയിലഴിക്കുള്ളിൽ നിൽക്കുന്ന പോസ്റ്ററുകൾ ഉയർത്തിക്കാട്ടി ആൾക്കൂട്ടം വരികൾ ആലപിക്കുന്ന ദൃശ്യങ്ങൾ ജുഡീഷ്യറിയെ ബാധിച്ചേക്കും. ഇതടക്കം ഗാനത്തിലെ പല വരികളും, ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് മാർഗരേഖയ്ക്ക് വിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. രണ്ടുമിനിട്ടുള്ള ഗാനം എഴുതിയത് പാർട്ടി എം.എൽ.എ ദിലീപ് പാണ്ഡെയാണ്. കമ്മിഷൻ നിർദ്ദേശത്തെ ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി വിമർശിച്ചു. ബി.ജെ.പിയുടെ പെരുമാറ്റച്ചട്ടങ്ങളിൽ നടപടിയുണ്ടാകുന്നില്ല. ജനാധിപത്യം അപകടത്തിലാണെന്നും അതിഷി കൂട്ടിച്ചേർത്തു.

Advertisement
Advertisement