വിൽ പവർ ആൻഡ് വിരാട് പവർ

Monday 29 April 2024 12:16 AM IST

ഗുജറാത്ത് ടൈറ്റാൻസിനെ ഒൻപത് വിക്കറ്റിന് തറപറ്റിച്ച് ആർ.സി.ബി

ടൈറ്റാൻസിന്റെ 200/3 എന്ന സ്കോർ 16 ഓവറിൽ ആർ.സി.ബി മറികടന്നു

വിൽ ജാക്സിന് (41 പന്തുകളിൽ 100*) സെഞ്ച്വറി, വിരാടിന് (70*) അർദ്ധസെഞ്ച്വറി

അഹമ്മദാബാദ് : ആദ്യ ഘട്ടത്തിൽ തോൽവികളിൽപ്പെട്ട് വട്ടംചുറ്റിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവസാന ഘട്ടത്തിൽ വിജയങ്ങളിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെ 35 റൺസിന് തോൽപ്പിച്ചിരുന്ന ആർ.സി.ബി ഇന്നലെ ഒൻപത് വിക്കറ്റിന് മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസിനെ തകർക്കുകയായിരുന്നു. സീസണിൽ മൂന്നാം ജയം നേടിയെങ്കിലും പോയിന്റ് പട്ടികയിൽ ആറു പോയിന്റുമായി ആർ.സി.ബി ഇപ്പോഴും അവസാന സ്ഥാനത്താണ്.

ടൈറ്റാൻസിന്റെ തട്ടകമായ അഹമ്മദാബാദ് മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത് 200/3 എന്ന സ്കോർ ഉയർത്തിയ ആതിഥേയരെ നാലോവർ ബാക്കിനിൽക്കേയാണ് ആർ.സി.ബി കീഴടക്കിയത്. ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറിയുമായി തിളങ്ങിയ ഇംഗ്ളീഷ് ബാറ്റർ വിൽ ജാക്സിന്റെയും (41 പന്തുകളിൽ പുറത്താകാതെ 100 റൺസ്) ഓറഞ്ചുക്യാപ്പുമായി സീസണിൽ 500 റൺസ് പിന്നിട്ട വിരാട് കൊഹ്‌ലിയു‌ടെ അർദ്ധസെഞ്ച്വറിയുടെയും മികവിലാണ് 16 ഓവറിൽ ആർ.സി.ബി 206/1 എന്ന സ്കോറിലെത്തിയത്.

നേരത്തേ ടോസ് നേടിയ ആർ.സി.ബി ടൈറ്റാൻസിനെ ബാറ്റിംഗിന് ഇറക്കുകയായിരുന്നു. വൃദ്ധിമാൻ സാഹ(5), ശുഭ്മാൻ ഗിൽ (16) എന്നിവർ പുറത്തായ ശേഷം സായ് സുദർശനും (49 പന്തുകളിൽ പുറത്താകാതെ 84 റൺസ്),ഷാറുഖ് ഖാനും (30 പന്തുകളിൽ 58 റൺസ് ) നടത്തിയ പോരാട്ടമാണ് ടൈറ്റാൻസിനെ 200ലെത്തിച്ചത്. സ്വപ്നിൽ സിംഗ് സാഹയെ പുറത്താക്കി ടൈറ്റാൻസിന് ആദ്യ പ്രഹരമേൽപ്പിച്ചപ്പോൾ ആർ.സി.ബി ടീമിലേക്ക് മടങ്ങിയെത്തിയ ഗ്ളെൻ മാക്സ്‌വെൽ ഗില്ലിന്റെ വിക്കറ്റെടുത്തു.

മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് നാലാം ഓവറിൽ നായകൻ ഡുപ്ളെസിയെ (24)നഷ്ടമായെങ്കിലും വിരാടും വിൽ ജാക്സും ചേർന്ന് അടിച്ചുതകർത്തു. 73 പന്തുകളിൽ 166 റൺസാണ് ഇവർ നേടിയെടുത്തത്. 41 പന്തുകളിൽ അഞ്ചു ഫോറുകളും പത്തു സിക്സുകളും പറത്തിയ വിൽ ജാക്സാണ് മാൻ ഒഫ് ദ മാച്ച്. വിരാട് 44 പന്തുകളിൽ ആറുഫോറുകളും മൂന്ന് സിക്സുകളും പായിച്ചു.

58

റൺസാണ് 15,16 ഓവറുകളിൽ നിന്ന് ആർ.സി.ബി നേടിയത്. 33 പന്തുകളിൽ 52 റൺസ് എന്ന നിലയിലായിരുന്ന ജാക്‌സ് വെടിക്കെട്ടിന് തിരികൊളുത്തി 41 പന്തുകളായപ്പോൾസെഞ്ച്വറി തികച്ചു. 15-ാം ഓവറിൽ മോഹിത് ശർമയെ 4,6,6(നോബാൾ ),2,6,4 എന്ന നിലയിലാണ് ജാക്‌സ് തച്ചുതകർത്തത്. ഓവറിലാകെ 29 റൺസ്. അടുത്ത ഓവർ എറിയാനെത്തിയ റാഷിദ് ഖാനും വഴങ്ങി 29 റൺസ് . ആദ്യ പന്തിൽ വിരാട് സിംഗിളെടുത്ത് ജാക്‌സിന് കൈമാറി. പിന്നെ 6,6,4,6,6 എന്നിങ്ങനെ പടക്കം പൊട്ടിച്ച ജാക്സ് അവസാന പന്തിൽ സെഞ്ച്വറിയും ടീമിന്റെ ജയവും പൂർത്തിയായി.

500

16-ാം ഓവറിലെ സിംഗിളോടെ വിരാട് ഈ സീസൺ ഐ.പി.എല്ലിൽ 500 റൺസിലെത്തി. 10 ഇന്നിംഗ്സുകളിൽ ഒരു സെഞ്ച്വറിയും നാല് അർദ്ധസെഞ്ച്വറികളുമടക്കമാണ് വിരാടിന്റെ നേട്ടം.

Advertisement
Advertisement