വിധി പ്രസ്താവത്തിൽ പിഴവുണ്ടായി, തിരുത്തണം: ഹൈക്കോടതി ജഡ്‌ജി

Monday 29 April 2024 12:24 AM IST

ചെന്നൈ: ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവത്തിൽ പിഴവുണ്ടായെന്നും പുനഃപരിശോധിക്കപ്പെടണമെന്നും മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ്. നിങ്ങൾ ഒരു തെറ്റ് ചെയ്‌തെന്ന് അറിയുകയും അത് തിരുത്താൻ തയ്യാറാകുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മാറ്റം ഉണ്ടാകുകയെന്നും പറഞ്ഞു. മദ്രാസ് ബാർ അസോസിയേഷനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018 ജൂൺ നാലിന് ഹൈക്കോടതി ജഡ്‌ജിയായി. ജസ്റ്റിസ് എം.എം.സുന്ദരേഷിന്റെ ബെഞ്ചിലായിരുന്നു തുടക്കം. അദ്ദേഹം ഏറെ പ്രോത്സാഹിപ്പിക്കുകയും വിധിന്യായങ്ങൾ എഴുതാൻ അനുവദിക്കുകയും ചെയ്തു.

2018 ജൂലായിൽ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു വാദിച്ച പി.കല്യാണ ചക്രവർത്തി-ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ എന്റെ വിധി അത്ര ശരിയായിരുന്നില്ല.

ജഡ്‌ജിയായിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നതിനാൽ അമിതാവേശത്തിലാണ് വിധി എഴുതിയത്.
വിധിയിൽ ഞാൻ മുന്നോട്ടു വച്ച നിഗമനങ്ങളും തത്വങ്ങളും പുനഃപരിശോധിക്കണം. മുതിർന്ന അഭിഭാഷകൻ ആർ.പാർത്ഥസാരഥി ഈ വിഷയത്തിൽ എഴുതിയ ലേഖനം വായിക്കുകയും അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പിഴവു ബോദ്ധ്യമായത്'- ചെയ്തത് തെറ്റാണെന്നു ബോദ്ധ്യമായാൽ അതു തിരുത്താൻ ശ്രമിക്കേണ്ടതു പ്രധാനമാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

Advertisement
Advertisement