ആർക്കും വേണ്ടാതെ വഴിയോരവിശ്രമകേന്ദ്രം

Sunday 05 May 2024 12:50 AM IST

തുറവൂർ : കുത്തിയതോട്ടിൽ ദേശീയ പാതക്കരികിൽ സ്ഥാപിച്ച വഴിയോരവിശ്രമ കേന്ദ്രം കാടുകയറി നശിക്കുന്നു. 2017 മേയ് 21 ന് ഉദ്ഘാടനം ചെയ്ത ആശ്വാസ് അമിനിറ്റീസ് സെന്റർ എന്ന വിശ്രമകേന്ദ്രം പ്രവർത്തിച്ചത് ഏതാനും വർഷങ്ങൾ മാത്രം. എ.എം.ആരിഫ് അരൂർ എം.എൽ.എ ആയിരിക്കെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി 1.20 കോടി രൂപ മുടക്കി നിർമ്മിച്ചതാണ് ഇത്.

4 ബ്ലോക്കുകളിലായി ആകെ 1600 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ റെസ്റ്റോറന്റ്, ഐസ്ക്രീം പാർലർ, ജ്യൂസ് ഷോപ്പ്, എ.ടി.എം കൗണ്ടർ, ടോയ്ലറ്റ്, കുട്ടികളുടെ മിനി പാർക്ക്, ഓപ്പൺ സ്റ്റേജ് എന്നീ സൗകര്യങ്ങളുണ്ട്. തുടക്കത്തിൽ ഹോട്ടലടക്കം നല്ല രീതിയിൽ നടന്നെങ്കിലും പിന്നീടത് അടച്ചു. ഹോട്ടൽ നടത്തിപ്പുകാരിൽ നിന്ന് പ്രതിമാസം 30000 രൂപയാണ് വാടകയായി അന്ന് ഈടാക്കിയിരുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മാത്രമേ ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കിയിരുന്നുള്ളു. അമിത വാടകയാണെന്ന് പറഞ്ഞു 2 വർഷത്തിനുശേഷം ഹോട്ടൽ നടത്തിപ്പുകാർ ചുമതല ഒഴിഞ്ഞതോടെയാണ് അമിനിറ്റീസ് സെന്റെറിന്റെ ശനിദശ ആരംഭിച്ചത്. തിരുവനന്തപുരത്തെ ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ് എന്ന സർക്കാർ സ്ഥാപനത്തിനാണ് വിശ്രമകേന്ദ്രത്തിന്റെ മേൽനോട്ടം. സെന്റർ തുറന്നുകൊടുക്കുന്നതിനായി കഴിഞ്ഞ ഡിസംബർ ആദ്യവാരം ടെ ൻഡർ ക്ഷണിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. ജി.എസ്.ടി. അടക്കം 50000 രൂപയാണ് ഒരു വർഷത്തേക്ക് പ്രതിമാസ വാടക നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, 2 ലക്ഷം രൂപയുടെ കാഷ് സെക്യൂരിറ്റി ഡെപ്പോസിസ്റ്റും 4 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നൽകണം.

നിർമ്മാണ ചെലവ്

1.20 കോടി

1. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി മുൻഭാഗത്തെ മതിൽ പൊളിച്ചു നീക്കി

2.രാത്രികാലങ്ങളിൽ ഇരുളിലായ ഇവിടെ സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്യം

4.കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങൾ വെറുതേ കിടന്ന് നശിക്കുന്നു

5. എ.ടി.എം മെഷീൻ കെട്ടിടത്തിൽ നിന്ന് നീക്കം ചെയ്തതിനാൽ ആ സൗകര്യവും ലഭ്യമല്ല


കോടംതുരുത്ത് പഞ്ചായത്തിന്റെ കീഴിലുള്ള കുടുംബശ്രീയെ ഏൽപ്പിച്ചാൽ

ആശ്വാസ് അമിനിറ്റി സെന്റർ റെസ്റ്റോറന്റ് പുനരുജ്ജീവിപ്പിക്കാൻ കഴിയും. പഞ്ചായത്തിന് നടത്തിപ്പു ചുമതല നൽകിയാലും മതിയാകും

- സനീഷ് പായിക്കാട്, കുത്തിയതോട് ഗ്രാമ പഞ്ചായത്ത് അംഗം

Advertisement
Advertisement