ജോസ് കാട്ടൂക്കാരന്റെ നിര്യാണത്തിൽ അനുശോചിച്ചു
Monday 06 May 2024 12:00 AM IST
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷൻ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്റെ നിര്യാണത്തിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ അനുശോചിച്ചു. ലീഡർ കെ. കരുണാകരന്റെ നേതൃത്വത്തിൽ തൃശൂരിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായിരുന്ന കാട്ടൂക്കാരൻ തൃശൂർ ജില്ലയിലെ ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. എൻ.ജി. ജയചന്ദ്രൻ മാസ്റ്റർ നേതൃത്വം വഹിച്ചിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. അക്കാലത്ത് അരിമ്പൂരിൽ നടന്ന മണലൂർ മണ്ഡലം യൂത്ത് കോൺഗ്രസ് ക്യാമ്പിൽ കാട്ടൂക്കാരൻ വന്നതും പ്രസംഗിച്ചതും ഓർക്കുന്നു. പിൽക്കാലത്ത് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.