കോസ്റ്റൽ പൊലീസിന് പുതിയ ബോട്ടുജെട്ടി,​ ടെൻഡർ ക്ഷണിച്ചു

Monday 06 May 2024 1:22 AM IST

വിഴിഞ്ഞം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസിന് പുതിയ ബോട്ടുജെട്ടി ഒരുങ്ങുന്നു. ടെൻഡർ നടപടികൾ ആരംഭിച്ചു. ആദ്യ ടെൻഡർ ഏറ്റെടുക്കാൻ ആരും എത്തിയിരുന്നില്ല. തുടർന്നാണ് ഇപ്പോൾ റീ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. 10നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി.14ന് ടെൻഡർ തുറക്കുമെന്ന് അധികൃതർ പറഞ്ഞു. 2021ലാണ് കോസ്റ്റൽ പൊലീസിന് ജെട്ടി നിർമ്മിക്കാൻ തീരുമാനിച്ചത്. തുടർനടപടികൾ നീണ്ടു പോവുകയായിരുന്നു. സ്വന്തമായി ബോട്ടുജെട്ടി ഇല്ലാത്തതിനാൽ കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണ ബോട്ടുകൾ തിരയിൽപ്പെട്ട് കേടുപാടുകൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇത് ഒഴിവാക്കാൻ ബോട്ടുകൾ കരയിൽ കയറ്റിവയ്ക്കുകയായിരുന്നു പതിവ്.

അടിയന്തര സാഹചര്യങ്ങളിൽ ഇവ വെള്ളത്തിലിറക്കാൻ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പുതിയ ജെട്ടി യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വർഷങ്ങൾക്ക് മുമ്പും ജെട്ടി നിർമ്മാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ ഇത്തവണ ആധുനിക സജ്ജീകരണങ്ങളോടെ ബോട്ട് ജെട്ടി നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.

എസ്റ്റിമേറ്റ് തുക - 60 ലക്ഷം രൂപ

ജെട്ടി നിർമ്മാണം

25 മീറ്റർ നീളത്തിലും 2.5 മീറ്റർ വീതിയിലും

കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ താത്കാലിക പിക്കറ്റ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്ന സ്ഥലത്താണ് പുതിയ ജെട്ടി നിർമ്മിക്കുന്നത്.

സൗകര്യങ്ങൾ ഇവയൊക്കെ

മത്സ്യത്തൊഴിലാളികൾക്കോ കടലിൽ യാത്രചെയ്യുന്ന മറ്റുള്ളവർക്കോ അപകടം പറ്റിയാൽ ആശുപത്രിയിൽ എത്തിക്കാനുള്ള ആംബുലൻസ് സൗകര്യം, മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി തുടങ്ങിയവയും ബോട്ട് ജെട്ടിയോടൊപ്പം സജ്ജമാക്കും. ബോട്ടുകൾ കെട്ടിയിടുന്നതിന് ഫെൻഡേഴ്സ്, നിരീക്ഷണത്തിനായും മത്സ്യത്തൊഴിലാളികളുടെ സഹായത്തിനുമായി പൊലീസ് എയ്ഡ് പോസ്റ്റ് സൗകര്യം എന്നിവയും ഒരുക്കുന്നുണ്ട്.

ബോട്ടുമില്ല

ജെട്ടി നിർമ്മാണത്തിന് പ്രൊപ്പോസലായെങ്കിലും നിലവിൽ ഇവിടെ സേവനത്തിന് ആവശ്യത്തിന് ബോട്ടില്ലാത്ത അവസ്ഥയാണ്.മുമ്പ് ഇവിടെ 3 ബോട്ടുകളുണ്ടായിരുന്നെങ്കിലും ഒന്ന് പൂവാറിലേക്കും മറ്റൊന്ന് അഞ്ചുതെങ്ങ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. നിലവിൽ വിഴിഞ്ഞത്ത് എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന് ആകെയുള്ളത് ഒരു ബോട്ടാണ്.

Advertisement
Advertisement