മാന്നാറിലെ സാമ്പത്തിക തട്ടിപ്പ്: പിടിയിലായ മുൻപഞ്ചായത്തംഗമടക്കം രണ്ട് സ്ത്രീകൾ റിമാൻഡിൽ

Monday 06 May 2024 12:01 AM IST

അറസ്റ്റ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യയെത്തുടർന്ന്

മാന്നാർ : പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60പവനോളം സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ പിടിയിലായ രണ്ട് സ്ത്രീകളെ മാവേലിക്കര ഒന്നാംക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ പല്ലവനക്കാട്ടിൽ സാറാമ്മ ലാലു (മോളി), മാന്നാർ ഗ്രാമപഞ്ചായത്ത് മുൻഅംഗം മാന്നാർ കുരട്ടിക്കാട് നേരൂർ വീട്ടിൽ ഉഷ ഗോപാലകൃഷ്ണൻ എന്നിവരെയാണ് വീയപുരം സി.ഐ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പിനിരയായി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ പൂജാമുറിയിൽ ജീവനൊടുക്കിയ മാന്നാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓങ്കാറിൽ ശ്രീദേവിയമ്മ ഉൾപ്പടെ പലരിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയെ തുടർന്നാണ് അറസ്റ്റ്.

ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന ഇവരെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടിൽ നിന്നാണ് പിടികൂടിയത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തട്ടിപ്പ് സംഘത്തിൽപ്പെട്ടവരുടെ വീടുകളിൽ പൊലീസ് എത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ശ്രീദേവിയമ്മയുടെ പക്കൽ നിന്ന് സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.

തട്ടിപ്പിന് മറയാക്കിയത് കേന്ദ്ര പദ്ധതി

കഴിഞ്ഞ ഒരു വർഷക്കാലമായി മാന്നാർ, ചെന്നിത്തല, തിരുവല്ല, മാവേലിക്കര, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്. ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതൽ പേർ പരാതിയുമായി എത്തിയത്. അർദ്ധസൈനിക സേവനത്തിനുശേഷം വിരമിച്ച കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ എ.സി ശിവൻപിള്ള, വത്സലാ ഭവനിൽ ടി.എൻ വത്സലാകുമാരി, നേരൂർപടിഞ്ഞാറ് രമണി അയ്യപ്പൻ, ശാന്തമ്മ എന്നിവരും എസ്.പിക്ക് പരാതി നൽകിയിരുന്നു. കേന്ദ്രപദ്ധതി പ്രകാരം വനിതകൾക്ക് തൊഴിൽ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചിലവുകൾക്കായി കുറച്ച് പണം നൽകി സഹായിക്കണമെന്നും ആവശ്യപെട്ടാണ് ഇവർ ശ്രീദേവിയമ്മ ഉൾപ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. വീയപുരം സി.ഐ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, പ്രതാപ ചന്ദ്രമേനോൻ, സിവിൽ പൊലീസ് ഓഫീസർ നിസാറുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അഭയം നൽകിയത് തട്ടിപ്പിനിരയായ ആൾ

മാന്നാർ: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ശ്രീദേവിയമ്മ ആത്മഹത്യ ചെയ്യാൻ കാരണമായ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ എന്നിവരെ പൊലീസ് തിരയുമ്പോൾ അവർക്ക് അഭയം നൽകിയത് തട്ടിപ്പിനിരയായ ആൾ തന്നെയാണെന്നതാണ് ഏറെ കൗതുകം. തട്ടിപ്പിനിരയായ തിരുവല്ല കുറ്റൂർ സ്വദേശി ജേക്കബിന്റെ വീട്ടിലായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.

ആറ് ലക്ഷത്തോളം രൂപയാണ് സാറാമ്മ ലാലുവും ഉഷ ഗോപാലകൃഷ്ണനും ജേക്കബിന്റെ കയ്യിൽ നിന്ന് വാങ്ങിയെടുത്തിട്ടുള്ളത്. ശ്രീദേവിയമ്മയുടെ മരണത്തിന് ശേഷം ഒളിവിൽപ്പോയ പ്രതികൾ ജേക്കബിന്റെ വീട്ടിൽ ചെല്ലുകയും നൽകാനുള്ള പണം ഉടനെ നൽകാമെന്നും പറഞ്ഞു. ഏതാനും ദിവസത്തേക്ക് അഭയം തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതോടെ താമസിക്കാൻ ഇടം നൽകുകയായിരുന്നെന്നാണ് ജേക്കബ് പറഞ്ഞത്. പ്രതികളിൽ ഒരാളുടെ ബന്ധുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ഒരു നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement