മെഡിക്കൽ കോളേജ് ഐ.സി.യു പീ‌ഡനം:കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

Monday 06 May 2024 12:21 AM IST

കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ.ജി സേതുരാമന് ഇന്ന് പരാതി നൽകും. തന്നെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച ഗൈനക്കോളജിസ്റ്റ് ഡോക്ടർ കെ.വി പ്രീതിക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിൽ നിരവധി പൊരുത്തക്കേടുകളെന്ന് വ്യക്തമായതോടെയാണ് കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത രംഗത്തെത്തിയത്. ഇന്ന് ഐ.ജിയെ കാണുമെന്നും കേസിൽ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ലെന്നും തനിക്കെതിരെ നൽകിയ പരാതി പോലെയാണ് അന്വേഷണ റിപ്പോർട്ടെന്നുമടക്കമുള്ള കാര്യങ്ങൾ ബോധിപ്പിക്കുമെന്നും അതിജീവിത പറഞ്ഞു. പ്രതിയെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നതാണ് റിപ്പോർട്ടെന്നും സമരസമിതി പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു.

പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത കോഴിക്കോട് കമ്മിഷണർ ഓഫീനു മുന്നിൽ 10 ദിവസത്തോളം സമരമിരുന്ന ശേഷമാണ് ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമൻ ഇടപെട്ട് റിപ്പോർട്ടിന്റെ പകർപ്പ് നൽകിയത്. മെഡിക്കൽ കോളേജ് അസി. കമ്മിഷണറായിരുന്ന കെ. സുദർശനാണ് പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. എന്നാൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പിൽ ഇതുവരെ ഇല്ലാത്ത ജൂനിയർ ഡോക്ടറുടെ പേരും മൊഴിയും ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടിൽ ഈ മൊഴി എങ്ങനെ വന്നു എന്ന് തനിക്ക് അറിയില്ലെന്നും അതിജീവിത പറഞ്ഞു. വൈദ്യ പരിശോധനാ സമയത്ത് ഡോ. കെ.വി പ്രീതിക്കൊപ്പം ജൂനിയർ ഡോക്ടർമാർ ആരും ഉണ്ടായിരുന്നില്ല. ഡോ. പ്രീതിയും നഴ്സ് പി.ബി അനിതയുമാണ് ഉണ്ടായിരുന്നത്. കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലൊന്നും ഇങ്ങനെയൊരു ഒരു സാക്ഷിയെക്കുറിച്ച് പരാമർശമില്ല. രോഗിയുടെ പരിശോധനാ വേളയിൽ താനാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതെന്നും ഡോ. പ്രീതി തനിച്ചാണ് പരിശോധനയ്ക്ക് എത്തിയതെന്നും പി.ബി അനിത മൊഴിനൽകിയതായും റിപ്പോർട്ടിലുണ്ട്. താൻ ഡോ. പ്രീതിക്കെതിരെ പരാതി നൽകിതിനു ശേഷം മാത്രം ഇങ്ങനെ ഒരു ഡോക്ടറുടെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത് പ്രീതിയെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവെന്നതിന് തെളിവാണ്. തന്റെയും ബന്ധുക്കളുടെയും മൊഴി കണക്കിലെടുക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്നും പ്രീതിക്കെതിരെ ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും അതിജീവിത ആരോപിക്കുന്നു. മാത്രമല്ല, അതിജീവിതയ്ക്ക് പെൽവിക് പരിശോധന (പി.വി. പരിശോധന) നടത്തിയതായും ജൂനിയർ ഡോക്ടർ മൊഴിനൽകിയിട്ടുണ്ട്. തനിക്ക് ഇത്തരത്തിലുള്ള ഒരു പരിശോധനയും നടത്തിയിട്ടില്ലെന്ന് അതിജീവിത പറഞ്ഞു.

താൻ പറഞ്ഞ കാര്യങ്ങളൊന്നും ഈ അന്വേഷണ റിപ്പോർട്ടിൽ തെളിവായി എടുത്തിട്ടില്ല. ഡോക്ടറുടെയും കൂടെയുള്ളവരുടെയും മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുക്കുന്നത്. താൻ പറഞ്ഞത് വിശ്വസിക്കാതെ അവർ പറഞ്ഞതുമാത്രം വിശ്വസിച്ച് ഇങ്ങനെയൊരു അന്വേഷണറിപ്പോർട്ട് ഉണ്ടാക്കിയതുകൊണ്ടുതന്നെയാണ് റിപ്പോർട്ട് തരാൻ ഇത്രയും മടിച്ചതെന്നും അതിജീവിത വ്യക്തമാക്കി.

Advertisement
Advertisement