കൊല്ലം-പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Monday 06 May 2024 12:51 AM IST

കൊല്ലം: കൊല്ലം -പുനലൂർ മെമുവിന്റെ പാന്റോഗ്രാഫ് ട്രാക്ഷൻ (ട്രെയിൻ വൈദ്യുതി ലൈനുമായി ബന്ധിപ്പിക്കുന്ന ഭാഗം) വൈദ്യുതി ലൈനിൽ കുരുങ്ങിയതിനെ തുടർന്ന് കൊല്ലം -പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു.

ഇന്നലെ വൈകിട്ട് 5.30ന് പുറപ്പെട്ട കൊല്ലം - പുനലൂർ മെമു 6ന് കേരളപുരത്തെ രണ്ടാമത്തെ ഗേറ്റ് കടന്നപ്പോൾ പാന്റോഗ്രാഫ് ട്രാക്ഷൻ വൈദ്യുതി ലൈനിൽ കുരുങ്ങി യാണ് അപകടമുണ്ടായത്. ഇതോടെ മെമു കേരളപുരത്ത് നിറുത്തി.

പാന്റോഗ്രാഫിലേക്ക് വൈദ്യുതി എത്തിക്കുന്ന ഓവർഹെഡ് എക്യുപ്മെന്റിലുണ്ടായ തകരാറാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോൺടാക്ട് വയറിൽ കുരുങ്ങിയ പാന്റോഗ്രാഫും കോൺടാക്ട് വയറിന്റെ അലൈൻമെന്റും ഇതോടെ പ്രവർത്തിക്കാത്ത സ്ഥിതിയിലായി. ഒറ്റ ലൈൻ മാത്രമുള്ള കൊല്ലം -പുനലൂർ തീവണ്ടി പാതയിൽ ഇതോടെ ട്രെയിൻ ഗതാഗതം പൂർണമായി നിലച്ചു.

ഇതോടെ വൈകിട്ട 5.15ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് 6.20ന് കൊല്ലത്ത് എത്തേണ്ട പുനലൂർ -മധുര എക്‌സ്‌പ്രസ് ട്രെയിൻ കുണ്ടറ സ്‌റ്റേഷനിൽ പിടിച്ചിട്ടു. ഗുരുവായൂർ - മധുര ട്രെയിൻ കൊട്ടാരക്കരയിലും. ഇരു ട്രെയിനിലെയും ഭൂരിഭാഗം യാത്രക്കാരും ബസിലും മറ്റുമാണ് ലക്ഷ്യസ്ഥാനത്തേക്ക് പോയത്.

തിരുവനന്തപുരത്ത് നിന്ന് പുനലൂരിലേക്ക് പുറപ്പെട്ട ട്രെയിൻ കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ ട്രാക്ക് ഒഴിവില്ലാത്തതിനാൽ പരവൂർ റെയിൽവേ സ്‌റ്റേഷനിൽ പിടിച്ചിട്ടു. ഈ ട്രെയിനിലെ യാത്രക്കാർ പരവൂർ സ്‌റ്റേഷനിലെത്തിയ മറ്റ് ട്രെയിനുകളിൽ കയറി കൊല്ലം സ്‌റ്റേഷനിലെത്തി. കൊല്ലത്ത് നിന്ന് ടവർക്യാബിനും ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരും ചേർന്ന് രാത്രി പത്തോടെ തകരാർ പരിഹരിച്ചു,

Advertisement
Advertisement