വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിട്ട കാട്ടൂക്കാരൻ...

Sunday 05 May 2024 11:12 PM IST

തൃശൂർ: എപ്പോഴും സ്വത:സിദ്ധമായ തൃശൂർ ശൈലിയിൽ ചിരിച്ച് വിമർശനങ്ങളെ നേരിടാനും ക്ഷമയോടെ എല്ലാം കേൾക്കാനും ശ്രമിച്ച നേതാവായിരുന്നു ജോസ് കാട്ടൂക്കാരൻ. 2000ൽ തൃശൂർ മുനിസിപ്പാലിറ്റിയോട് കൂടി സമീപത്തെ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ മേയർ സ്ഥാനത്തെത്തി വലിയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വികസനത്തിന് പണം കണ്ടെത്തുന്നതിൽ അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തിരുന്നു. കൂട്ടിച്ചേർത്ത പഞ്ചായത്ത് പ്രദേശങ്ങളിൽ അന്ന് തെരുവ് വിളക്ക് ബൾബുകളായിരുന്നു. അതെല്ലാം മാറ്റി ട്യൂബ് ലൈറ്റാക്കുകയും സോഡിയം വേപ്പർലാമ്പുകൾ സ്ഥാപിച്ച് കൂട്ടിച്ചേർത്ത് പഞ്ചായത്തുകളിൽ വെളിച്ചം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗൺസിലർമാരെയും ഒരുപോലെ കാണാനും എല്ലാ ദിവസവും രാവിലെ എല്ലാ കൗൺസിലർമാരെയും ഫോണിൽ വിളിച്ച് അന്വേഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി. അതുകൊണ്ട് പാർട്ടിക്ക് അതീതമായ ബന്ധവും അദ്ദേഹം കാത്തുസൂക്ഷിച്ചു.

ലീഡറുടെ സ്വന്തം കാട്ടൂക്കാരൻ

കാട്ടൂക്കാരൻ അന്തോണിയുടെയും റോസയുടെയും മകനായ ജോസ് ലീഡർ കെ.കരുണാകരനൊപ്പം പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിൽ തിളങ്ങിയത്. ഐ.എൻ.ടി.യു.സിയുടെ തലങ്ങളിൽ പ്രവർത്തിച്ചു. ഷോപ്പ് എംപ്ലോയീസ് കോൺഗ്രസ് നേതാവായിരുന്നു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയായി തൊഴിലാളി രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. 1965 മുതൽ നഗരത്തിൽ പാർട്ടിയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വിരുപ്പാക്ക സ്പിന്നിംഗ് മിൽ ചെയർമാൻ, കോൺഗ്രസ് തൃശൂർ ബ്ലോക്ക് പ്രസിഡന്റ്, 32 വർഷം ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ ഈസ്റ്റിൽ നിന്നും പ്രഥമ ജില്ലാ കൗൺസിൽ അംഗമായി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.

ശാന്തത, സമചിന്തത, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്, അനുകമ്പ, സ്‌നേഹം, വിനയം, ക്ഷമ എല്ലാ മൂല്യങ്ങളും ഉൾക്കൊണ്ട വ്യക്തിയായിരുന്നു, മേയർ ജോസ് കാട്ടൂക്കാരൻ. കൗൺസിലറായി കൂടെ സേവനം ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടാൻ പഠിപ്പിച്ചത് ജോസ് കാട്ടൂക്കാരനാണ്.

രാജൻ.ജെ.പല്ലൻ

പ്രതിപക്ഷ നേതാവ്

Advertisement
Advertisement