നീറ്റിനുശേഷം: ഓപ്ഷൻ മുൻഗണനാ ക്രമത്തിൽ നൽകണം

Monday 06 May 2024 12:00 AM IST

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ നീറ്റ് യു.ജി 2024 പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉത്തരസൂചിക വിലയിരുത്തി ലഭിക്കുന്ന സ്‌കോറിനെക്കുറിച്ചും കോഴ്സുകളെക്കുറിച്ചുമുള്ള ആകാംക്ഷയിലാണ്. ഇന്നലെ നടന്ന പരീക്ഷയിൽ 23.83 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

നീറ്റ് പരീക്ഷ പൊതുവെ എളുപ്പമായിരുന്നു. ഫിസിക്സിലെ ചില ചോദ്യങ്ങൾ വിഷമം പിടിച്ചവയായിരുന്നു. ചോദ്യങ്ങളെല്ലാം NCERT സിലബസ്സിൽ നിന്നായിരുന്നു. ബോട്ടണി, സുവോളജി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ വളരെ എളുപ്പമായിരുന്നു. കെമിസ്ട്രിയും ഇത്തവണ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചില്ല. പഠിച്ചാൽ എഴുതാൻ പറ്റുന്ന ചോദ്യങ്ങളാണെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.

ഈ വർഷം കട്ട് ഓഫ് മാർക്ക് 130 ലെത്താൻ സാധ്യതയുണ്ട്. ഇതിനാനുപാതികമായി പ്രവേശനത്തിനുള്ള മാർക്കിലും കുറഞ്ഞത് മൂന്ന് മുതൽ അഞ്ചു ശതമാനത്തിന്റെ വർദ്ധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു പ്രതീക്ഷിക്കാം. എൻ.ടി.എ ഉത്തര സൂചിക പ്രസിദ്ധീകരിക്കും തുടർ നടപടികളെക്കുറിച്ചുള്ള വിജ്ഞാപനം ഫലം വരുന്നതോടെ പുറത്തിറങ്ങും..

നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ സർക്കാർ,ഡീംഡ്, ഇ.എസ്.ഐ മെഡിക്കൽ കോളേജുകൾ, ഡെന്റൽ, കാർഷിക, വെറ്ററിനറി, ഫിഷറീസ്, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോളേജുകളിലെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ നീറ്റ് റാങ്ക്,അലോട്ട്മെന്റ്, ഓരോ ക്വാട്ടയിലെയും അവസാന റാങ്ക്, ആവശ്യമായ രേഖകൾ എന്നിവ വിലയിരുത്തുന്നത് നല്ലതാണ്.

രാജ്യത്തെ 109145 എം.ബി.ബി.എസ്സ്, 28088 ബി.ഡി.എസ്സ് സീറ്റുകളിലേക്കുള്ള പൊതു പരീക്ഷയാണ് നീറ്റ്. നീറ്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ് ജിപ്‌മെർ പുതുച്ചേരിയുടെ 182 സീറ്റുകളിലേക്കും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ 2044 ഓളം സീറ്റുകളിലേക്കും അഡ്മിഷൻ നടക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ആയുർവ്വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും.

ദേശീയതലത്തിൽ ജമ്മു കാശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 15 ശതമാനം ആൾ ഇന്ത്യ ക്വാട്ട മെഡിക്കൽ പ്രവേശനം നീറ്റ് വഴിയാണ്. സംസ്ഥാന തലത്തിൽ നീറ്റ് മാർക്കനുസരിച്ച് അതത് സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റിൽ നിന്നാണ് 100 ശതമാനവും പ്രവേശനം. അതിനാലാണ് നീറ്റിന് അപേക്ഷിക്കുന്നവർ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ലേയ്ക്കും അപേക്ഷിക്കാൻ നിഷ്‌കർഷിക്കുന്നത്. കേരളത്തിലെ 33 മെഡിക്കൽ കോളേജുകളിലായി 4505 എം.ബി.ബി.എസ് സീറ്റുകളുണ്ട്. ഇവയിൽ 12 സർക്കാർ മെഡിക്കൽ കോളേജുകളിലായി 1755 സീറ്റുകളും, 21 സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 2750 സീറ്റുകളുമുണ്ട്.അഖിലേന്ത്യാക്വാട്ടയിൽ 15 ശതമാനം ICAR കാർഷിക കോഴ്സുകളിലേക്ക് CUET-UG വഴിയാണ് പ്രവേശനം. വെറ്ററിനറി സയൻസ് ബിരുദപ്രോഗ്രാമിന് വെറ്ററിനറി കൗൺസിൽ നീറ്റ് റാങ്കിനനുസരിച്ചാണ് അലോട്ട്മെന്റ്.

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയാണ് ദേശീയാടിസ്ഥാനത്തിൽ ഓൺലൈൻ കൗൺസലിംഗ് പ്രക്രിയ നടത്തുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റുകളിൽ കേരളത്തിൽ പ്രവേശനപരീക്ഷ കമ്മിഷണർ, കർണാടകയിൽ കർണാടക examinatiions അതോറിറ്റി, പുതുച്ചേരിയിൽ Centac, തമിഴ്നാട്ടിൽ Tancetഎന്നിവയാണ് അലോട്ട്‌മെന്റ് നടത്തുന്നത്. കേരളത്തിൽ 100 ശതമാനം സർക്കാർ, സ്വാശ്രയ, എൻ.ആർ.ഐ സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്‌മെന്റ് നടത്തും.

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലൂടെ അഖിലേന്ത്യാ 15% സീറ്റുകൾ, ഡീംഡ്, സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്കുള്ള സീറ്റുകൾ, ഇ.എസ്.ഐ മെഡിക്കൽ കോളേജ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള അലോട്ട്‌മെന്റ് നടക്കും. കൗൺസലിംഗിലെ നിബന്ധനകൾ പാലിക്കാൻ മറക്കരുത്. ആദ്യം ലഭിക്കുന്ന സീറ്റെന്ന് കരുതി ഡീംഡ് മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ സീറ്റെടുത്താൽ രണ്ടാം കൗൺസലിംഗിന് ശേഷം കോളേജുകൾ മാറുന്നതിന് തടസങ്ങളുണ്ട്. സർക്കാർ കോളേജുകളിൽസീറ്റ് ലഭിക്കാൻ ആദ്യം മുൻഗണനാ ക്രമത്തിൽ ഓപ്ഷൻ നൽകണം.

അഖിലേന്ത്യാ ക്വാട്ടിയിലും, കേരളത്തിലും കുറഞ്ഞ ഫീസിൽ സർക്കാർ സീറ്റുകളിൽ പഠിക്കാൻ നീറ്റിൽ ഓപ്പൺ മെരിറ്റിൽ 625 ന് മുകളിൽ മാർക്ക് നേടേണ്ടിവരും. സ്വാശ്രയസീറ്റിൽ 500 മുതൽ 600 മാർക്ക് വേണ്ടിവരും. സ്വകാര്യ, ഡീംഡ് മെഡിക്കൽ കോളേജിൽ 400 ന് മുകളിൽ മാർക്ക് ലഭിക്കേണ്ടിവരും. എൻ.ആർ.ഐ സീറ്റുകളിലേക്ക് 350 ന് മുകളിൽ മാർക്ക് ലഭിക്കേണ്ടിവരും. ഇത് തികച്ചും ആപേക്ഷികം മാത്രമാണ്. മാർക്ക് കുറഞ്ഞവർ അയൽ സംസ്ഥാനങ്ങളിലെ ഡീംഡ്, സ്വകാര്യ, മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്ക് അപേക്ഷിക്കണം. 480 മാർക്കിന് മുകളിൽ ലഭിച്ചവർക്ക് സർക്കാർ ഡെന്റൽ കോളേജുകളിൽ അഡ്മിഷന് സാദ്ധ്യതയുണ്ട്. ചെറിയവ്യത്യാസങ്ങൾ ഇതിൽ വരാനിടയുണ്ട്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് 5% മാർക്ക് സീറ്റ്അലോട്ട്‌മെന്റിൽ കൂടുതലായി വേണ്ടിവരും. മെഡിക്കൽ, അനുബന്ധ കാർഷികകോഴ്സുകളിലും ഈ പ്രവണത ദൃശ്യമാകും.

ഓപ്ഷൻ നൽകുമ്പോൾ ഫീസ് പ്രത്യേകം വിലയിരുത്തണം. ശരിയായ രീതിയിൽ ഓപ്ഷൻ നൽകിയില്ലെങ്കിൽ അവസരം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെണ്ടന്ന് ഓർക്കണം. ഈ വർഷം അഖിലേന്ത്യാസീറ്റുകളിലെ പ്രവേശനത്തോടൊപ്പം കേരളത്തിലും മെഡിക്കൽ പ്രവേശനം നടക്കും.


നീറ്റ് 2024 റിസൾട്ടിനുശേഷം കേരളത്തിൽ ലഭിക്കാവുന്ന കോഴ്സുകൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച വിദ്യാർത്ഥികളിലും, രക്ഷിതാക്കളിലും സംശയങ്ങളുണ്ട്. കേരളത്തിൽ നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ തയ്യാറാക്കുന്ന വിവിധ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെഡിക്കൽ, ഡെന്റൽ കോഴ്സുകൾ , ആയുർവേദമടക്കമുള്ള ആയുഷ് കോഴ്സുകൾ, അഗ്രിക്കൾച്ചർ കോഴ്സുകൾ എന്നിവയ്ക്ക് പ്രത്യേക റാങ്ക്ലിസ്റ്റ് തയ്യാറാക്കും. നീറ്റിൽ 20 മാർക്ക് ലഭിച്ചവരെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെടുത്തും. നീറ്റിന് അപേക്ഷിക്കുമ്പോൾ തന്നെ കീം വെബ്‌സൈറ്റിൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാകും. നീറ്റ് റിസൾട്ട് വന്നാൽ പ്രവേശന പരീക്ഷ കമ്മിഷണറുടെ വിജ്ഞാപനത്തിനനുസരിച്ച് വിദ്യാർത്ഥികൾ നീറ്റ് മാർക്കും, റാങ്കും www.cee.kerala.gov.in സൈറ്റിൽ അപ്‌ലോഡ് ചെയ്യണം . ക്യാൻഡിഡേറ്റ് പോർട്ടലിൽ യൂസർ നെയിം, പാസ്‌വേർഡ്, റോൾ നമ്പർ, അപേക്ഷാനമ്പർ എന്നിവ ഉപയോഗിച്ച് മാർക്ക് എന്റർ ചെയ്യാം.

എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബി.എസ്‌സി അഗ്രികൾച്ചർ, ഫോറസ്ട്രി,ബി.വി.എസ്‌സി ആൻഡ് എ.എച്ച്, ബി.എഫ്.എസ്‌സി, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള നാലുവർഷ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ക്ളൈമറ്റ് സയൻസ് ആൻഡ് എൻവയൺമെന്റൽ സയൻസ് ബിരുദ പ്രോഗ്രാമുകൾ എന്നിവയാണ് നീറ്റ് വഴി പ്രവേശനം നൽകുന്ന കോഴ്സുകൾ.

Advertisement
Advertisement