പി.എം.എ സലാമിനെ നീക്കണമെന്ന് മുസ്ലിം ലീഗിനോട് സമസ്‌ത

Monday 06 May 2024 12:15 AM IST

കോഴിക്കോട്: മുസ്ലിംലീഗ്-സമസ്ത പോര് രൂക്ഷമാകുമ്പോൾ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.എം.എ സലാമിനെ നീക്കണമെന്ന് സമസ്ത മുശാവറ അംഗം. സമസ്തയുടെ മുതിർന്ന നേതാവും സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കമാണ് ഇന്നലെ കടുത്തഭാഷയിൽ ലീഗിനെ വീണ്ടും വിമർശിച്ചത്.

തിരഞ്ഞെടുപ്പുകാലത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനെയും സലാമിനെയും ഉമർഫൈസി രൂക്ഷമായി വിമർശിച്ചിരുന്നു. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്തയുടെ പിണക്കം സി.പി.എം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയും ചെയ്തു. ഇതിനുള്ള നന്ദി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറിയുമായ എം.വി.ജയരാജൻ ഉമർ ഫൈസിയുടെ മുക്കത്തെ വീട്ടിലെത്തി കണ്ടിരുന്നു. അതിന് പിന്നാലെയാണ് പി.എം.എ സലാമിനെ നീക്കണമെന്ന് ആവശ്യപ്പെട്ടത്.
സി.എച്ച്.മുഹമ്മദ് കോയയും കൊരമ്പയിൽ അഹമ്മദ് ഹാജിയും ഇരുന്ന കസേരയാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടേത്. അവിടെയിരുന്ന് സലാം കൂടെ നിൽക്കുന്ന സമസ്തയെ പുച്ഛിക്കുന്നത് വേദനാജനകമാണ്. ഇത് ലീഗ് തിരുത്തിയില്ലെങ്കിൽ സമുദായത്തിനും ലീഗിനും സമസ്തയ്ക്കും ദോഷം ചെയ്യുമെന്ന് ലീഗ് നേതൃത്വം മനസിലാക്കണം. തിരുത്തേണ്ടത് ലീഗാണ്. ലീഗിൽ നിന്നാണ് സമസ്തയ്ക്കെതിരായ ചില നിലപാടുകൾ ഉണ്ടായത്. ചില തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്. സമസ്തയിലേയും ലീഗിലേയും പലരും പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പറയുന്നത്. അങ്ങിനെ പറഞ്ഞതുകൊണ്ട് കാര്യമില്ല. എം.വി.ജയരാജൻ വീട്ടിലെത്തിയത് സ്ഥാനാർത്ഥി എന്ന നിലയിൽ നന്ദി പറയാനാണ്. തിരഞ്ഞെടുപ്പിനു മുമ്പ് കാണാൻ സൗകര്യപ്പെടാത്തതിനാണ് സന്ദർശനം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങളായി തുടരുന്ന സമസ്ത-ലീഗ് പോരിൽ ഉമർഫൈസിയുടെ പുതിയ പ്രസ്താവന നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് വിലയിരുത്തൽ.

Advertisement
Advertisement