ഉപഭോക്താക്കൾ വലയുമ്പോൾ ബാങ്കുകൾ കൊഴുക്കുന്നു

Monday 06 May 2024 12:39 AM IST

കൊച്ചി: വായ്പാ പലിശയിലെ വർദ്ധനയുടെ കരുത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ രാജ്യത്തെ മുൻനിര ബാങ്കുകളുടെ ലാഭത്തിൽ വൻകുതിപ്പ്. എച്ച്. ഡി. എഫ്. സി ബാങ്ക്, ഐ. സി. ഐ. സി. ഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഐ. ഡി. ബി. ഐ ബാങ്ക്, ഐ. ഡി. എഫ്. സി ബാങ്ക് എന്നിവയുടെയെല്ലാം ലാഭത്തിൽ ഇക്കാലയളവിൽ മികച്ച വർദ്ധന ദൃശ്യമായി.

2022 മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം നേരിടാൻ തുടർച്ചയായി മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിച്ചതാണ് ബാങ്കുകൾക്ക് വൻ നേട്ടമാകുന്നത്. രണ്ട് വർഷത്തിനിടെ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. ഇതോടെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന വിവിധ വായ്പകളുടെ പലിശ നിരക്ക് മൂന്ന് മുതൽ അഞ്ച് ശതമാനം വരെയാണ് കൂടിയത്. ഭവന വായ്പാ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുക കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 ശതമാനം വരെയാണ് കൂടി

യത്. വായ്പകളുടെ പലിശ തുടർച്ചയായി വർദ്ധിപ്പിച്ച പല ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശയിൽ സമാനമായ മാറ്റങ്ങൾ വരുത്താതിരുന്നതാണ് ലാഭത്തിൽ കുതിപ്പുണ്ടാക്കിയത്.

എച്ച്.ഡി.എഫ്.സി ബാങ്കിന് 16,512 കോടി രൂപ ലാഭം

രാജ്യത്തെ ‌ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം ജനുവരി-മാർച്ച് കാലയളവിൽ 37 ശതമാനം ഉയർന്ന് 16,512 കോടി രൂപയിലെത്തി. പലിശ വരുമാനം 24.5 ശതമാനം ഉയർന്ന് 29,080 കോടി രൂപയിലെത്തി.

ഐ.സി.ഐ.സി.ഐ ബാങ്ക് ലാഭം 17 ശതമാനം കൂടി

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 17 ശതമാനം ഉയർന്ന് 10,707.53 കോടിയിലെത്തി. പലിശ വരുമാനം എട്ട് ശതമാനം ഉയർന്ന് 19,093 കോടി രൂപയായി.

കോട്ടക് മഹീന്ദ്ര ബാങ്ക് ലാഭത്തിൽ 18 ശതമാനം വർദ്ധന

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ലാഭം 18 ശതമാനം ഉയർന്ന് 4,133 കോടി രൂപയിലെത്തി. പലിശ വരുമാനം 13 ശതമാനം ഉയർന്ന് 6,909 കോടി രൂപയിലെത്തി.

Advertisement
Advertisement