ഓഹരി വിപണിയിൽ ഐ. പി. ഒകളുടെ പൂക്കാലം

Monday 06 May 2024 12:43 AM IST

കൊച്ചി: വിപണിയിലെ ആവേശം മുതലെടുത്ത് ഒൻപത് കമ്പനികൾ ഈ വാരം പ്രാരംഭ ഓഹരി വില്പനയ്ക്ക്(ഐ. പി. ഒ) ഒരുങ്ങുന്നു. പ്രാഥമിക ഓഹരി വില്പനയിലൂടെ ഈ കമ്പനികൾ മൊത്തം 6,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ മൂന്നെണ്ണം മെയിൻ ബോർഡിലും ആറെണ്ണം ചെറുകിട, ഇടത്തരം വിഭാഗത്തിലുമാണ്. പൊതു തിരഞ്ഞെടുപ്പ് കാലമായ മേയിൽ പൊതുവേ കമ്പനികൾ പ്രാരംഭ ഓഹരി വില്പന ഒഴിവാക്കുകയാണ് പതിവെങ്കിലും ഇത്തവണ വിദേശ, സ്വദേശ നിക്ഷേപകരുടെ പങ്കാളിത്തം കുത്തനെ കൂടി നിൽക്കുന്നതിന്റെ സാദ്ധ്യതകൾ മുതലെടുക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. 2004ന് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന മേയ് മാസങ്ങളിൽ ഇതുവരെ ഒരു കമ്പനി പോലും പ്രാരംഭ ഓഹരി വില്പന നടത്തിയിട്ടില്ല.

പ്രമുഖ ആശോള നിക്ഷേപ ഗ്രൂപ്പായ ബ്ളാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള ആധാർ ഹൗസിംഗ് ഫിനാൻസ്, ആരോഗ്യ സാങ്കേതികവിദ്യാ സ്ഥാപനമായ ഇൻഡിജീൻ, ട്രാവൽ വിപണന കമ്പനി ടി. ബി. ഒ ടെക്ക് എന്നിവ ചേർന്ന് 6,400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രധാന ഓഹരി വില്പനകൾ

ഇൻഡിജീൻ

ജീവൻ രക്ഷാ മേഖലയിലെ കമ്പനികൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന ഇൻഡിജീന്റെ പ്രാഥമിക ഓഹരി വില്പനയ്ക്ക് ഇന്ന് തുടക്കമാകും. ഓഹരി ഒന്നിന് 430 രൂപ മുതൽ 452 രൂപ വരെയാണ് വില നിലവാരം. ഇതിലൂടെ മൊത്തം 1,841 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം

ടി. ബി. ഒ ടെക്ക്

യാത്രാ സേവനങ്ങൾ നൽകുന്ന പ്ളാറ്റ്ഫോമായ ടി. ബി. ഒ ടെക്കിന്റെ ഓഹരി വില്പന ബുധനാഴ്ച ആരംഭിക്കും. വില 875 രൂപ മുതൽ 925 രൂപ വരെയാണ്. മൊത്തം1,555 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ആധാർ ഹൗസിംഗ് ഫിനാൻസ്

ബാംഗ്ളൂർ ആസ്ഥാനമായ ആധാർ ഹൗസിംഗ് ഫിനാൻസിന്റെ ഓഹരി വില്പന മേയ് എട്ടിന് ആരംഭിച്ച് പത്തിന് അവസാനിക്കും. വില 300 രൂപ മുതൽ 315 രൂപ വരെയാണ്. ഓഹരി വില്പനയിലൂടെ മൂവായിരം കോടി രൂപ സമാഹരിക്കാനാണ് പദ്ധതി.

സാമ്പത്തിക മേഖലയിലെ മികച്ച ഉണർവും ഓഹരി വിപണിയിലെ ഉയരുന്ന നിക്ഷേപ പങ്കാളിത്തവുമാണ് കൂടുതൽ കമ്പനികളെ ഐ. പി. ഒയ്ക്ക് പ്രേരിപ്പിക്കുന്നത്

പ്രജ്ഞാൽ ശ്രീവാസ്തവ

പാർട്ട്‌ണർ

സെൻട്രം കാപ്പിറ്റൽ

Advertisement
Advertisement