പഞ്ചാബിന്റെ നെഞ്ചത്ത് ജഡേജ ജാലം

Sunday 05 May 2024 11:45 PM IST

പഞ്ചാബ് കിംഗ്സിനെ 28 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ആൾറൗണ്ട് മികവുമായി ചെന്നൈയെ ജയിപ്പിച്ചത് രവീന്ദ്ര ജഡേജ

ചെന്നൈ 167/9

പഞ്ചാബ് 139/9

ജഡേജ 26 പന്തുകളിൽ 43 റൺസ് , 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ്

ധർമ്മശാല : ആദ്യം ബാറ്റ് ചെയ്ത് 167/9 എന്ന സ്കോറിൽ ഒതുങ്ങേണ്ടിവന്നെങ്കിലും പഞ്ചാബ് കിംഗ്സിനെ 28 റൺസ് അകലെ തളച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐ.പി.എല്ലിലെ പ്ളേ ഓഫ് സാദ്ധ്യതകൾ ഉഷാറാക്കി.സീസണിലെ 11 മത്സരങ്ങളിൽ ആറാം ജയവുമായി ചെന്നൈ 12 പോയിന്റ് നേടി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഏഴാം തോൽവി വഴങ്ങി എട്ടു പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന്റെ പ്ളേഓഫ് സാദ്ധ്യതകൾ വിളറി.
ഇന്നലെ ധർമ്മശാലയിൽ ന‌ടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിംഗിന് ഇറക്കുകയായിരുന്നു. തകർച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. സ്കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ അജിങ്ക്യ രഹാനെ(9)യെ അർഷ്ദീപ് സിംഗ് കൂടാരം കയറ്റി. തുടർന്ന് റുതുരാജ് ഗെയ്ക്ക്‌വാദും (32)ഡാരിൽ മിച്ചലും (30) ചേർന്ന് മുന്നോട്ടുനയിച്ചു. എട്ടാം ഓവറിൽ ടീം സ്കോർ 69ൽ നിൽക്കവേ രാഹുൽ ചഹർ റുതുവിനെയും പകരമിറങ്ങിയ ശിവം ദുബെയെയും (0) മടക്കി അയച്ചു. ഒൻപതാം ഓവറിൽ മിച്ചലിനെ ഹർഷൽ പട്ടേൽ മടക്കിയതോടെ ചെന്നൈ 75/4 എന്ന നിലയിലായി.

തുടർന്ന് ജഡേജ മൊയീൻ അലിക്കൊപ്പം (17) 101ലെത്തിച്ചു. അവിടെവച്ച് അലിയെ കറാൻ വീഴ്ത്തി. തുടർന്ന് മിച്ചൽ സാന്റ്നർ(11),ശാർദൂൽ താക്കൂർ(17) എന്നിവരെക്കൂട്ടി ജഡേജ ടീമിനെ മുന്നോട്ടുനയിച്ചു. ഒൻപതാമനായി ഇറങ്ങിയ ധോണിയെ ആദ്യപന്തിൽതന്നെ പട്ടേൽ ബൗൾഡാക്കി. 26 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് ജഡേജ 43 റൺസ്നേടിയത്. പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചഹറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപിന് രണ്ട് വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ പഞ്ചാബിന് രണ്ടാം ഓവറിൽ സ്കോർ ബോർഡിൽ 9 റൺസ് മാത്രമുള്ളപ്പോൾ ജോണി ബെയർസ്റ്റോ (7), റിലീ റൂസോ (0)എന്നിവരെ നഷ്ടമായി. തുഷാർ ദേശ്പാണ്ഡെയാണ് ഇരുവരെയും മടക്കിയത്. തുടർന്ന് ശശാങ്ക് സിംഗ് (27), പ്രഭ്സിമ്രാൻ (30),സാം കറാൻ (7), ജിതേഷ് ശർമ്മ (0),അശുതോഷ് ശർമ്മ(3) എന്നിവർ പുറത്തായതോടെ 78/7 എന്ന നിലയിലായ പമ്മാബിന്റെ തോൽവി ഉറപ്പായി.

ഇന്നത്തെ മത്സരം‌

മുംബയ് Vs ഹൈദരാബാദ്

7.30 pm മുതൽ

Advertisement
Advertisement