കൊല്ലം-പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Monday 06 May 2024 12:47 AM IST

കൊല്ലം: കൊല്ലം -പുനലൂർ മെമുവിന്റെ പാന്റോഗ്രാഫ് ട്രാക്ഷൻ (ട്രെയിൻ വൈദ്യുതി ലൈനുമായി ബന്ധിപ്പിക്കുന്ന ഭാഗം) വൈദ്യുതി ലൈനിൽ കുരുങ്ങിയതിനെ തുടർന്ന് കൊല്ലം -പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകൾ സ്തംഭിച്ചു. ഇന്നലെ വൈകിട്ട് 5.30ന് പുറപ്പെട്ട കൊല്ലം - പുനലൂർ മെമു ആറു മണിയോടെ കേരളപുരത്തെ രണ്ടാമത്തെ ഗേറ്റ് കടന്നപ്പോൾ പാന്റോഗ്രാഫ് ട്രാക്ഷൻ വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു. മെമു നിറുത്തിയിട്ടു. പാന്റോഗ്രാഫിലേക്ക് വൈദ്യുതി എത്തിക്കുന്ന ഓവർഹെഡ് എക്യുപ്മെന്റിലുണ്ടായ തകരാറാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. കോൺടാക്ട് വയറിൽ കുരുങ്ങിയ പാന്റോഗ്രാഫും കോൺടാക്ട് വയറിന്റെ അലൈൻമെന്റും ഇതോടെ പ്രവർത്തിക്കാത്ത സ്ഥിതിയിലായി. ഒറ്റ ലൈൻ മാത്രമുള്ള കൊല്ലം -പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായി നിലച്ചു.

വൈകിട്ട് 5.15ന് പുനലൂരിൽ നിന്ന് പുറപ്പെട്ട് 6.20ന് കൊല്ലത്ത് എത്തേണ്ട പുനലൂർ -മധുര എക്‌സ്‌പ്രസ് ട്രെയിൻ കുണ്ടറ സ്‌റ്റേഷനിൽ പിടിച്ചിട്ടു. ഗുരുവായൂർ - മധുര ട്രെയിൻ കൊട്ടാരക്കരയിലും. ഇരു ട്രെയിനിലെയും ഭൂരിഭാഗംപേരും ബസിലും മറ്റുമാണ് യാത്ര തുടർന്നത്.

തിരുവനന്തപുരത്ത് നിന്ന് പുനലൂരിലേക്ക് പുറപ്പെട്ട ട്രെയിൻ കൊല്ലം സ്‌റ്റേഷനിൽ ട്രാക്ക് ഒഴിവില്ലാത്തതിനാൽ പരവൂരിൽ പിടിച്ചിട്ടു. യാത്രക്കാർ മറ്റ് ട്രെയിനുകളിൽ കയറി കൊല്ലം സ്‌റ്റേഷനിലെത്തി. കൊല്ലത്ത് നിന്നുള്ള ടവർക്യാബിനും ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരും രാത്രി വൈകിയും തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

Advertisement
Advertisement