എങ്ങും എത്താതെ കയ്റോ ചർച്ച ഹമാസിന്റെ ആവശ്യം  തള്ളി നെതന്യാഹു

Monday 06 May 2024 12:46 AM IST

ടെൽ അവീവ്:ഗാസ യുദ്ധം അവസാനിപ്പിച്ചാലേ ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസും,​ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കടുപ്പിച്ചതോടെ കയ്‌റോ സമാധാന ചർച്ച വഴിമുട്ടി.

വെടിനിറുത്തലിനുള്ള ഏതു കരാറും യുദ്ധം അവസാനിപ്പിക്കാനുള്ളതാവണം എന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രയേൽ സേന പിൻമാറുകയും വേണം. അത് അംഗീകരിക്കില്ലെന്ന് ആവർത്തിച്ച നെതന്യാഹു, ഹമാസ് ഇസ്രയേലിന് ഭീഷണിയാണെന്നും പറഞ്ഞു.

ഇതോടെ ഈജിപ്റ്റിലെ കയ്‌റോയിൽ യു.എസ്, ഖത്തർ തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങൾ ഹമാസുമായി നടത്തുന്ന ചർച്ച പ്രതിസന്ധിയിലായി. ഹമാസ് സംഘം ശനിയാഴ്ചയാണ് എത്തിയത്. ഇസ്രയേൽ സംഘം എത്തിയിട്ടില്ല.

വെടിനിറുത്തിയാലും ഇല്ലെങ്കിലും തെക്കൻ ഗാസയിലെ റാഫയെ ആക്രമിച്ച് ഹമാസ് ബറ്റാലിയനുകളെ തകർക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനവും സമാധാന ചർച്ചയ്ക്ക് തടസമായേക്കും. ബന്ദികളെ മോചിപ്പിക്കാൻ വെടിനിറുത്തലിന് ഇസ്രയേൽ തയ്യാറാണ്. എന്നാൽ ഗാസയിലെ സൈന്യത്തെ പിൻവലിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസിന് അധികാരത്തിൽ തുടരണമെന്നുമാണ് പറയുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും നെതന്യാഹു പ‍റഞ്ഞു.

എങ്കിലും ഇസ്രയേൽ അവതരിപ്പിച്ച ഉടമ്പടിയിലെ ആദ്യ ഘട്ടം ഹമാസ് അംഗീകരിച്ചേക്കും. 40 ദിവസം വെടിനിറുത്തലാണ് ആദ്യഘട്ടം.അങ്ങനെ റാഫ ആക്രമണം ഒഴിവാക്കാം. ബന്ദികളുടെ മോചനത്തിന് പകരം ഇസ്രയേൽ ജയിലുകളിലെ പാലസ്തീനികളെ വിട്ടയയ്‌ക്കും. ദിവസം 500 സഹായ ട്രക്കുകൾ ഗാസയിലേക്ക് വിടും.

 ജനങ്ങൾ തെരുവിൽ

ഗാസയിൽ വെടിനിറുത്തണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവിലിറങ്ങിയത് ഇസ്രയേൽ സർക്കാരിനെ സമ്മർദ്ദത്തിലാക്കി. നെതന്യാഹു രാജിവയ്ക്കണമെന്നും ആവശ്യം ഉയർന്നു

 വെടിനിറുത്തൽ ശ്രമങ്ങൾ നെതന്യാഹു അട്ടിമറിക്കുന്നു.

- ഇസ്‌മായിൽ ഹനിയെ, ഹമാസ് തലവൻ

Advertisement
Advertisement