കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട;ഒരാഴ്ചയ്ക്കിടെ പിടിച്ചത് 2.42 കിലോ സ്വർണവും 30,000 സിഗരറ്റ് സ്റ്റിക്കുകളും

Monday 06 May 2024 12:55 AM IST

മലപ്പുറം: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 1.67 കോടി വിലവരുന്ന 2.42 കിലോഗ്രാം സ്വർണവും 3.6 ലക്ഷം വിലവരുന്ന 30,000 സിഗരറ്റ് സ്റ്റിക്കുകളും. കാപ്സ്യൂൾ രൂപത്തിലാക്കിയും വസ്ത്രത്തിലും ശരീരത്തിലും വെജിറ്റബിൾ ചോപ്പറിലും ഒളിപ്പിച്ച നിലയിലുമായിരുന്നു കടത്ത്. ഒരാഴ്ചക്കിടെ പിടിച്ചെടുത്തത് 80.78 ലക്ഷം വിലവരുന്ന 1169 ഗ്രാം സ്വർണം ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനിയിൽ നിന്നും 54.56 ലക്ഷം വിലവരുന്ന 789 ഗ്രാം സ്വർണം റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാപ്സ്യൂൾ രൂപത്തിലാക്കിയും ശരീരത്തിലൊളിപ്പിച്ച നിലയിലുമായിരുന്നു ഇവ. 16.01 ലക്ഷം വരുന്ന 225 ഗ്രാം സ്വർണം ചെക്ക് ഇൻ ബാഗേജിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ച് പാന്റുകളിലും ഒരു ടീ ഷർട്ടിനുള്ളിലും ഒളിപ്പിച്ച നിലയിൽ ദോഹയിൽ നിന്നെത്തിയ താമരശ്ശേരി സ്വദേശിയിൽ നിന്നും പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയിൽ നിന്നും വെജിറ്റബിൾ ചോപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 16.08 രൂപ ലക്ഷം വിലവരുന്ന 232 ഗ്രാം സ്വർണം സ്വർണഡിസ്‌ക്ക് രൂപത്തിലാണ് കണ്ടെടുത്തത്. 3.6 ലക്ഷം വിലവരുന്ന ഗോൾഡ് ഫ്ളേക്ക് ബ്രാൻഡിൽപ്പെടുന്ന 30,000 സിഗരറ്റ് സ്റ്റിക്കുകൾ മസ്‌ക്കറ്റിൽ നിന്നെത്തിയ കാസർകോട് സ്വദേശികളിൽ നിന്നും പിടിച്ചെടുത്തു.

Advertisement
Advertisement