രാമക്ഷേത്രത്തിൽ പ്രാർത്ഥിച്ച് മോദി, അയോദ്ധ്യയെ ത്രസിപ്പിച്ച് റോഡ് ഷോ

Monday 06 May 2024 1:10 AM IST

ന്യൂഡൽഹി: ജനുവരിയിൽ നടന്ന പ്രാണപ്രതിഷ്‌ഠാ ചടങ്ങിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞ് മോദി അയോദ്ധ്യ നഗരത്തിൽ സുഗ്രീവ കോട്ട മുതൽ ലതാമങ്കേഷ്‌കർ ചൗക്ക് വരെ രണ്ട് കിലോമീറ്റർ റോഡ് ഷോ നടത്തി.

ജാർഖണ്ഡിലെയും ബിഹാറിലെയും പ്രചാരണത്തിന് ശേഷം വൈകിട്ട് ഏഴുമണിയോടെയാണ് പ്രധാനമന്ത്രി അയോദ്ധ്യയിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ശ്രീകോവിലിനു മുന്നിൽ സാഷ്‌ടാംഗം പ്രണമിച്ച മോദി പൂജകളിലും പങ്കാളിയായി.

തുടർന്ന് സുഗ്രീവ കോട്ടയിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു. രാമ പാതയ്‌ക്കിരുവശവും ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. വാഹനത്തിന്റെ വശത്ത് നിന്ന് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്‌തു. 40 ബ്ലോക്കുകളായി തിരിച്ചായിരുന്നു റോഷ് ഷോ.
നഗരവീഥികൾ പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും കൂറ്റൻ കട്ടൗട്ടുകളും രാംലല്ലയുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ക്ഷേത്രനഗരിയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. യോഗി ആദിത്യനാഥ് നേരിട്ട് സുരക്ഷ വിലയിരുത്തി. അയോദ്ധ്യ ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ ഭക്തരുടെ വൻ തിരക്കായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മേയ് രണ്ടിനാണ് അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെടുപ്പ്. ബി.ജെ.പിയുടെ ലല്ലു സിംഗും സമാജ്‌വാദി പാർട്ടിയുടെ അവാധേഷ് പ്രസാദും ബി.എസ്.പിയുടെ സച്ചിദാനന്ദ് പാണ്ഡെയും ഏറ്റുമുട്ടുന്നു.

അയോദ്ധ്യയിലെ ജനങ്ങളുടെ ഹൃദയം ഭഗവാൻ ശ്രീരാമനെപ്പോലെ വിശാലമാണെന്നും റോഡ്ഷോയിൽ അനുഗ്രഹം നൽകാൻ എത്തിയവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

Advertisement
Advertisement