 പരാതി വ്യാജമെന്ന വെളിപ്പെടുത്തൽ സന്ദേശ്ഖാലി ആയുധമാക്കാൻ തൃണമൂൽ,​ ബംഗാളിൽ വാക്പോര്

Monday 06 May 2024 1:31 AM IST

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബി.ജെ.പിയുടെ ശക്തമായ ആയുധമായിരുന്ന സന്ദേശ്ഖാലി വിഷയം തിരിഞ്ഞുകൊത്തുന്നു. സന്ദേശ്ഖാലിയിൽ നടന്നതെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബി.ജെ.പി നേതാവ് വെളിപ്പെടുത്തുന്ന വീഡിയോ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടതോടെ ബംഗാളിൽ വീണ്ടും രാഷ്ട്രീയ വാക്‌പോര്.

ബി.ജെ.പിയുടെ സന്ദേശ്ഖാലി-2 മണ്ഡലം അദ്ധ്യക്ഷൻ ഗംഗാധർ കായലിന്റെ 32 മിനിറ്റ് ദൈർഘ്യമുള്ള ഒളിക്യാമറ വീഡിയോയാണ് തൃണമൂൽ പുറത്തുവിട്ടത്. ഷെയ്ഖ് ഷാജഹാനുൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെയുള്ള ലൈംഗികാതിക്രമം അടക്കമുള്ള ആരോപണങ്ങൾ വ്യാജമാണെന്നും

ബംഗാളിലെ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഗംഗാധർ കോയൽ വീഡിയോയിൽ പറയുന്നു. എന്നാൽ വീഡിയോ വ്യാജമാണെന്നും ശബ്ദം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും വ്യക്തമാക്കി ഗംഗാധർ കോയൽ തന്നെ രംഗത്തെത്തി.

പുറത്തുവന്ന വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ്. മുഖഭാവവും ശബ്ദവും ചേർത്ത് എ.ഐ. ഉപയോഗിച്ച് കൃത്രിമമായാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് ഗംഗാദർ കോയൽ പറയുന്നത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്ദേശ് ഖാലി സംഭവംതിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണായുധമാക്കി ബി.ജെ.പി തൃണമൂലിനെ പ്രതിരോധത്തിലാക്കിയിരുന്നു.

Advertisement
Advertisement