പളുങ്ക് ബസാർ കവർച്ച: ഏഴ് മാസമായിട്ടും പ്രതികൾ കാണാമറയത്ത്

Monday 06 May 2024 1:51 AM IST

പരിയാരം: ചിതപ്പിലെ പൊയിൽ പളുങ്കു ബസാറിലെ കവർച്ച നടന്നിട്ട് ഏഴുമാസ പിന്നിടുമ്പോഴും പൊലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞവർഷം സപ്തംബർ 29ന് രാത്രി നബിദിനാഘോഷത്തിനായി വീട്ടുകാർ പള്ളിയിൽ പോയപ്പോഴാണ് പ്രവാസിയായ മാടാളൻ അബ്ദുള്ളയുടെ വീട്ടിൽ കവർച്ച നടന്നത്.

വീടിന്റെ പിറകുവശത്തെ ജനൽ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് 25 പവൻ സ്വർണ്ണവും 18000 രൂപയും കവർന്നത്. അന്നുതന്നെ ഫോറൻസിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് അന്വേഷണം തുടങ്ങിയെങ്കിലും ഇപ്പോഴും പ്രതികൾ കാണാമറയത്താണ്.

അതിനിടെ ബസാറിന്റെ സമീപ പ്രദേശമായ ചിതപ്പിലെ പൊയിലിലെ പെട്രോൾ പമ്പിന് സമീപം ഒക്ടോബർ 20ന് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതികളെയെല്ലാം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയും മോഷണമുതൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരല്ല പളുങ്ക് ബസാർ കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

നിലവിൽ പരിയാരം സ്റ്റേഷൻ പരിധിയിൽ നിരവധി കവർച്ച കേസുകളാണ് തെളിയാനുള്ളത്. ഉന്നതങ്ങളിൽ പിടിപാടുള്ളവരുടെയും ധനികരുടെയും ഭവനങ്ങളിൽ നടന്ന കവർച്ചകളിൽ പ്രത്യേക അന്വേഷണ സംഘം രൂപവൽകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടിക്കുമ്പോൾ പളുങ്കു ബസാർ പോലെയുള്ള കവർച്ചകളിലെ അന്വേഷണത്തിന് പൊലീസ് പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപണമുണ്ട്.

Advertisement
Advertisement