മുക്കിയ മെമ്മറി; വയനാടിന്റെ വിലാപവും!

Monday 06 May 2024 3:16 AM IST

ചക്കയായാലും മാങ്ങയായാലും വിളഞ്ഞു പഴുക്കണം. അല്ലാതെ പഴുത്തതിന്റെ പ്രശ്നമാണ്!- തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ മേയറുകുട്ടി ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട എന്തെങ്കിലും പൊല്ലാപ്പുകൾ ഉയർന്നാൽ ഉടനെ പ്രതിപക്ഷമുയർത്തുന്ന പതിവു പല്ലവിയാണിത്. ഏറ്റവും ഒടുവിൽ തലസ്ഥാനത്ത് നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുമായി നടന്ന കശപിശ വിവാദത്തിലും ഇതേ പല്ലവി കേട്ടു. ഇനി, രാഷ്ട്രീയത്തിൽ വിളഞ്ഞ് പഴുത്തവരെല്ലാം അധികാരത്തിലെത്തുമ്പോൾ പക്വതയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണോ എന്നതാണ് മറുചോദ്യം.

തൂശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ യദു,​ മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന് കടന്നു പോകാൻ സൈഡ് കൊടുത്തില്ലെന്നതാണല്ലോ പ്രശ്നങ്ങളുടെ തുടക്കം. ഡ്രൈവറോട് രോഷം തോന്നുക സ്വാഭാവികം. അതിന് ബസ് നമ്പർ കുറിച്ചെടുത്ത് മേലധികാരികളോട് പരാതിപ്പെടുകയല്ലേ അത്തരം പദവികളിലിരിക്കുന്നവരുടെ ഔചിത്യമെന്നാണ് പ്രതിപക്ഷത്തിന്റ ചോദ്യം. അതിനു പകരം,​ ട്രാഫിക് സിഗ്നൽ തെറ്റിച്ച് റോഡിന് ഇടതുവശത്തു ബസിനെ കാർ മറികടന്ന്,​ കാർ കുറുകെയിടണോ?ഡ്രൈവറുമായുള്ള വാക്കുതർക്കത്തിനിടെ മേയറുടെ ഭർത്താവായ എം.എൽ.എ ബസിൽ കയറി യാത്രക്കാരെ ഇറക്കി വിട്ടത് ശരിയോ?ഇതൊക്കെ അധികാരത്തിന്റെ ഗർവല്ലേ?

എന്നാൽ, കാറിലിരുന്ന തന്റെ സഹോദര ഭാര്യയെ നോക്കി ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ ആരോപണത്തിന് ഗൗരവമേറുന്നു. പക്ഷേ, താൻ അങ്ങനെയൊരു ആംഗ്യം കാട്ടിയിട്ടില്ലെന്നും, കാറിലുണ്ടായിരുന്നത് മേയറും എം.എൽ.എയുമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് ഡ്രൈവർ യദുവിന്റെ വാദം.

സിസി ടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ള ബസാണ്. എല്ലാത്തിനും മൂകസാക്ഷിയായ മൂന്ന് ക്യാമറകളിലെ മെമ്മറി കാർഡ് പരിശോധിച്ചാൽ പോരേ തെളിവു കിട്ടാൻ?​ ആംഗ്യം കാട്ടിയെന്നു തെളിഞ്ഞാൽ ഡ്രൈവറെ കുടുക്കാൻ വേറെ എന്തു വേണം?പക്ഷേ, അതു വരെ ബസിലുണ്ടായിരുന്ന മെമ്മറി കാർഡ് താമസിയാതെ അപ്രത്യക്ഷം. എന്തു മറിമായം! ബസ് തമ്പാനൂർ ബസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അവിടെ വച്ചാണത്രെ മെമ്മറി കാണാതായത്.

ആ മെമ്മറി കാർഡ് മുക്കിയതാര്?മേയർക്ക് സംശയം ഡ്രൈവറെ. ഡ്രൈവർക്ക് സംശയം അതേ ബസിലെ കണ്ടക്ടറെ. എം.എൽ.എ ബസിൽ കയറിയപ്പോൾ 'സഖാവിന് നമസ്കാരം' പറഞ്ഞ കണ്ടറക്ടർ അതിഥിയെ മുൻഭാഗത്തെ സീറ്റിൽ ഇരുത്തിയെന്ന് ഡ്രൈവർ. താനിരുന്നത് പിൻഭാഗത്തെന്ന് കണ്ടക്ടർ. കള്ളൻ കപ്പലിൽത്തന്നെയെന്ന് പ്രതിപക്ഷം. ആകെ കൺഫ്യൂഷൻ! വാദിച്ചു വാദിച്ച് വാദിയെ പ്രതിയാക്കുന്ന ചില അഭിഭാഷകരുണ്ട്. തന്റെ ഭർത്താവായ എം.എൽ.എ ആ ബസിൽ കയറിയിട്ടില്ലെന്ന് മേയർ. അതല്ല, ബസിൽ കയറിയ എം.എൽ.എ,​ ഡിപ്പോയിലേക്ക് ബസ് വിടാൻ ആവശ്യപ്പെട്ടെന്നും തനിക്കും ടിക്കറ്റ് ചോദിച്ചെന്നുമുള്ള ഡി.വൈ.എഫ്.ഐ അഖിലേന്ത്യന്റെ തിരുത്തൽ കെങ്കേമം! ഒരാളെ സഹായിച്ചാൽ ഇങ്ങനെ വേണം. എം.എൽ.എയ്ക്ക് ബസിൽ എന്തിന് ടിക്കറ്റ്!ഇങ്ങനെ ചിരിപ്പിക്കരുതേ എന്ന് പ്രതിപക്ഷം...

 

'ഇപ്പോ തേങ്ങ ഉടയ്ക്കും." ചേർക്കോണം സ്വാമിയുടെ പ്രഖ്യാപനം പല തവണയായി. ഒടുവിൽ ക്ഷമ കെട്ട് സ്വാമിയുടെ കൈയിൽ നിന്ന് തേങ്ങ പിടിച്ചുവാങ്ങി ഉടയ്ക്കുന്നു,​ 'മിഥുനം" സിനിമയിലെ ജഗതിയുടെ കഥാപാത്രം. നെഹ്റു കുടുംബത്തിന്റെ മണ്ഡലമായ യു.പിയിലെ റായ് ബറേലിയിൽ നീണ്ട കാത്തിരിപ്പിനു ശേഷം തേങ്ങ ഉടച്ചു. അമ്മ സോണിയാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റിൽ രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു. സമയം തീരുന്നതിന് മണിക്കൂറുകൾക്കു മുമ്പ്. ഇത്രയും വൈകിയത് പെങ്ങൾ പ്രിയങ്കാ ഗാന്ധി ആ സീറ്റിൽ കണ്ണുവച്ചിരുന്നതു കൊണ്ടാണെന്ന് കിംവദന്തി. ഒടുവിൽ അമ്മ ഇടപെട്ട് തർക്കം പരിഹരിച്ചതാണെന്നും.... ശത്രുക്കൾ അങ്ങനെ കഥകൾ പലതും മെനഞ്ഞെന്നിരിക്കും. ഇതവരുടെ കുടുംബ കാര്യം; പാർട്ടിയുടെയും.

അതിന് ഈ ബി.ജെ.പിക്കാരും കമ്മ്യൂണിസ്റ്റുകാരും പാവം വയനാട്ടുകാരെ ഓർത്ത് കണ്ണീർ പൊഴിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. വയനാട്ടിലും മത്സരിക്കുന്ന രാഹുൽ ഗാന്ധി രണ്ടിടത്തും ജയിച്ചാൽ വയനാട് സീറ്റ് ഒഴിയുമോ

എന്നാണ് അവരുടെ ആശങ്ക. അതിന് ഫലം വരുന്നതുവരെ കാത്തിരുന്നു കൂടേ? ചൈനയിൽ മഴ പെയ്യുന്നതറിഞ്ഞ് ഉടനെ ഇവിടെ കുട പിടിക്കണോ?വയനാട്ടുകാരെ ഓർത്ത് ഇപ്പോൾ അവർ പൊഴിക്കുന്നത് മുതലക്കണ്ണീരെന്ന് കോൺഗ്രസുകാർ.

രാഹുൽ വയനാട് സീറ്റ് ഒഴിഞ്ഞാൽ അവിടെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ ഇറക്കും. രാഹുൽ വയനാട്ടുകാരെ ഒടുവിൽ കൈയൊഴിയുമെന്ന് താൻ നേരത്തേ പ്രവചിച്ചിരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെയും മത്സരിക്കാനാണെങ്കിൽ രാഹുൽ എന്തിന് അക്കാര്യം ഇത്ര നാളും രഹസ്യമാക്കി വച്ചെന്നും, ഇത്ര കഷ്ടപ്പെട്ട് വയനാട്ടിലും വരേണ്ടിയിരുന്നോ എന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സി.പി.ഐ നേതാവുമായ ആനി രാജ. വയനാട് തന്റെ രണ്ടാം വീടെന്നാണ് രാഹുലിന്റെ വിശേഷണം. രാഹുൽ രണ്ടുസീറ്റിലും ജയിച്ചാലും വയനാട് നിലനിറുത്തിക്കൂടേ?

അപ്പോൾ അനാഥമാവുക റായ് ബറേലിയല്ലേ എന്ന് ബി.ജെ.പിക്കാർക്ക് ഉത്കണ്ഠ. കുളം കലക്കി മീൻ പിടിക്കാനുള്ള തന്ത്രം!എന്തായാലും, വയനാട്ടുകാരുടെ വോട്ടുകൾ പെട്ടിയിലായിക്കഴിഞ്ഞില്ലേ. ഇനി റായ് ബറേലിയെ ഓർത്ത് വിലപിക്കാം.

 

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. ബി.ജെ.പിയിൽ ചേരാൻ രഹസ്യ ചർച്ച നടത്തിയത് ഇ.പി. ജയരാജനെന്ന് കെ. സുധാകരൻ. കെ.സുധാകരനെന്ന് ജയരാജൻ. തർക്കം മൂക്കുന്നതിടെയായിരുന്നു ഇ.പി- പ്രകാശ് ജാവദേക്കർ രഹസ്യ കൂടിക്കാഴ്ചാ വിവാദം കത്തിയത്. പാർട്ടി ചെവിക്കു പിടിച്ചപ്പോൾ കെ.സുധാകരനും ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറിനും ഇ.പി വക്കീൽ നോട്ടിസയച്ചു. ആരോപണം പിൻവലിച്ച് മാദ്ധ്യമങ്ങളിലൂടെ മാപ്പു പറയാത്ത പക്ഷം രണ്ടു കോടി രൂപ നഷ്ടപരിഹാരം തേടിയാണ് നോട്ടീസ്. കുഴഞ്ഞില്ലേ! താൻ ഇ.പിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്

തന്റെ പക്കൽ തെളിവില്ലെന്ന് കെ.സുധാകരൻ. ബി.ജെ.പിക്കാർ പറഞ്ഞത് സുധാകരനും ആവർത്തിച്ചതാണത്രെ. അപ്പോൾ, തെളിവുണ്ടെന്ന് ഇത്രയും നാൾ പറഞ്ഞതോ?അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളിപ്പറിയൂ!

 നുറുങ്ങ്:

വയനാട്ടിൽ എതിർത്തിട്ടും രാഹുൽ ഗാന്ധിക്ക് റായ് ബറേലിയിൽ പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ

□ രാഹുൽജി രക്ഷപ്പെട്ടു. ഇനി ബി.ജെ.പിക്കാരെ പേടിക്കേണ്ട!

(വിദുരരുടെ ഫോൺ: 99461 08221)

Advertisement
Advertisement