ടൈറ്റാനിക്കിലെ ക്യാപ്റ്റൻ നടൻ ബെർനാർഡ് ഹിൽ അന്തരിച്ചു

Monday 06 May 2024 7:16 AM IST

ലണ്ടൻ: ടൈറ്റാനിക്, ദ ലോർഡ് ഒഫ് ദ റിംഗ്സ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നടൻ ബെർനാർഡ് ഹിൽ (79) അന്തരിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. മികച്ച ചിത്രത്തിനുള്ള ഓസ്‌കാർ നേടിയ ടൈറ്റാനികിൽ ( 1997) ക്യാപ്റ്റൻ എഡ്വേഡ് സ്മിത്ത് എന്ന ഹില്ലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദ ലോർഡ് ഒഫ് ദ റിംഗ്സ് പരമ്പരയിൽ തിയോഡൻ രാജാവിന്റെ വേഷം അവതരിപ്പിച്ചു. ടൈറ്റാനികിനും, ദ ലോർഡ് ഒഫ് ദ റിംഗ്സ്: ദ റിട്ടേൺ ഒഫ് ദ കിംഗിനും 11 ഓസ്‌കാറുകൾ വീതം ലഭിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളിലും അഭിനയിക്കാൻ സാധിച്ച ഏക നടൻ എന്ന അപൂർവതയും അദ്ദേഹത്തെ തേടിയെത്തി. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ' ഗാന്ധി'യിലും (1982) ഹിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

1944 ഡിസംബർ 17ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. 1970കളുടെ തുടക്കത്തിൽ അഭിനയ രംഗത്തെത്തി. നിരവധി ടെലിവിഷൻ സീരീസുകളിലും നാടകങ്ങളിലും അഭിനയിച്ചു. ട്രൂ ക്രൈം, എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം, ദ സ്കോർപിയൻ കിംഗ്, ദ ഗോസ്റ്റ് ആൻഡ് ദ ഡാർക്ക്‌നെസ്, ദ ചെയ്‌ൻ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. അമേരിക്കൻ നടി മരിയാന്ന ഹിൽ ആണ് ഭാര്യ. മകൻ ഗബ്രിയേൽ.

Advertisement
Advertisement